എസ്‌സി/ എസ്ടി നിയമ വ്യവസ്ഥകള്‍കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ദലിത് സംഘടനകള്‍

ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗ (അതിക്രമം തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ പുനസ്ഥാപിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വിവിധ ദലിത് സംഘടനാ നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ കേന്ദ്രം ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിയമനിര്‍മാണങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് ഒമ്പതാം ഷെഡ്യൂള്‍. ഇതില്‍ വരുന്ന നിയമങ്ങളില്‍ കോടതിയുടെ സൂക്ഷ്മ പരിശോധന സാധ്യമല്ല. അംബേദ്കറുടെ ജന്‍മദിനമായ 14ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചെന്ന് ദലിത് ശോഷന്‍ മുക്തി മഞ്ച് നേതാവ് ശ്രീനിവാസ് റാവു പറഞ്ഞു. ജുഡീഷ്യറിയില്‍ പട്ടികജാതി/വര്‍ഗ, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നിയമം കൊണ്ടുവരണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സാമൂഹികപ്രവര്‍ത്തകന്‍ പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ചെങ്കോട്ടയില്‍ ആഗസ്ത് 15ന് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തില്‍ ഉറപ്പുനല്‍കിയില്ലെങ്കില്‍ തെരുവില്‍ പ്രക്ഷോഭം നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 20ലെ സുപ്രിംകോടതി വിധിയില്‍ പട്ടികജാതി/വര്‍ഗ നിയമപ്രകാരമുള്ള പരാതിയില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമ്പോള്‍ മേലധികാരിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it