എസ്‌സി, എസ്ടി നിയമ ഭേദഗതിപുനപ്പരിശോധനാ ഹരജിയില്‍ മെയ് മൂന്നിന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമത്തി ല്‍ ഭേദഗതി വരുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച സുപ്രിംകോടതി ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജിയില്‍ അടുത്തമാസം മൂന്നിന് വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
ഹരജിയുമായി ബന്ധപ്പെട്ട് രേഖാമൂലം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ കഴിയുന്നതും നേരത്തെ വാദം കേള്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ അഭ്യര്‍ഥന പ്രകാരം ജസ്റ്റിസുമാരായ എ കെ ഗോയല്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് അറിയിച്ചത്.
രേഖാമൂലം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം ഈ വിഷയം പരിഗണിക്കാമെന്ന് സുപ്രിംകോടതിയുടെ അവസാന ഉത്തരവിന്റെ അവസാന വരിയില്‍ പറഞ്ഞിരുന്ന കാര്യം അറ്റോര്‍ണി ജനറല്‍ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. താന്‍ ഇതിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കൂടാതെ, നാലു സംസ്ഥാനങ്ങള്‍ പുനപ്പരിശോധനാ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍, തങ്ങള്‍ക്ക് ഒരു തിയ്യതി നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
1989ലെ എസ്‌സി, എസ്ടി ആക്ട് ദുരുപയോഗം തടയുന്നതിനാണ് മാര്‍ച്ച് 20ന് സുപ്രിംകോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളില്‍ മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. ആക്ട് പ്രകാരം കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെങ്കില്‍ നിയമന അതോറിറ്റിയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടായിരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിന് മുമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണ്്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരുടെ കാര്യത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്.
Next Story

RELATED STORIES

Share it