kozhikode local

എസ്‌റ്റേറ്റ് ഗേറ്റ് ഭാഗത്ത് വീണ്ടും മാലിന്യനിക്ഷേപം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ എസ്റ്റേറ്റ്‌ഗേറ്റ് - തൊണ്ടിമ്മല്‍ റോഡരികിലും കാരമൂല മുണ്ടിത്തോട് ഭാഗത്തും മാലിന്യ നിക്ഷേപം രൂക്ഷമായി. കൈകാലുകളും ശിരസ്സും വെട്ടിമാറ്റിയ നിലയില്‍ മനുഷ്യന്റെ ശരീരഭാഗം ലഭിച്ച ഗെയിറ്റുംപടി എസ്റ്റേറ്റ് ഭാഗത്ത് മാലിന്യ നിക്ഷേപം രൂക്ഷമായത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. കാട് പിടിച്ചു കിടക്കുന്ന ഈ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം  രാത്രി അസഹനീയമായ ദുര്‍ഗന്ധം വന്നപ്പോള്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അറവുശാലകളില്‍ നിന്നുള്ള മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ കണ്ടെത്തിയിരുന്നു.  നേരത്തെ ഈ പ്രദേശത്ത് ഇത്തരത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹാവശിഷ്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ചാക്ക്‌കെട്ട് ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് നിരന്തരമായി  മാലിന്യ നിക്ഷേപം തുടരുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആളൊഴിഞ്ഞ ഈ ഭാഗത്ത് ആര്‍ക്കും എന്തും കൊണ്ടുവന്ന് തള്ളാവുന്ന സാഹചര്യമാണുള്ളത്. സുരക്ഷാ ഭീതിയോടൊപ്പം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ക്കും മാലിന്യ നിക്ഷേപം ഭീഷണിയാണ്. മുണ്ടിത്തോട് ഭാഗത്ത് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും, ചെറുപുഴയുടെ പ്രധാന കൈവഴിയുമായ തോട്ടിലാണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുന്നത്. നിരവധി തവണ വിഷയം ശ്രദ്ധയില്‍പെട്ടിട്ടും വിവിധ സംഘടകള്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടും പഞ്ചായത്ത് ഉള്‍പ്പെടെ ബന്ധപ്പെട്ട അധികാരികള്‍ നിസ്സംഗത പുലര്‍ത്തുകയാണ്. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തമാക്കുകയും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it