kannur local

എസ്‌ഐ മുതല്‍ പാറാവ് വരെ; പോലിസ് സ്‌റ്റേഷന്‍ നിയന്ത്രിച്ച് പെണ്‍പട

കണ്ണൂര്‍: ഇന്നലെ രാവിലെ ടൗണ്‍ പോലിസ് സ്‌റ്റേഷനിലെത്തിയവര്‍ ആദ്യമൊന്ന് അമ്പരന്നു. അറിയാതെ കയറിപ്പോയത് വനിതാ പോലിസ് സ്‌റ്റേഷനിലാണോയെന്നായിരുന്നു ആശങ്ക. പിന്നീടാണ് അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി പോലിസ് സ്‌റ്റേഷന്‍ വനിതകള്‍ നിയന്ത്രിച്ചതാണെന്നു മനസ്സിലായത്. എസ്‌ഐ മുതല്‍ പാറാവ് വരെയുള്ള ഡ്യൂട്ടിയാണ് വനിതാ പോലിസുകാര്‍ കൈകാര്യം ചെയ്തത്. സ്‌റ്റേഷന്‍ റൈറ്റര്‍, റിസപ്ഷനിസ്റ്റ്, ഡ്രൈവര്‍, വയര്‍ലെസ് ഡ്യൂട്ടി, പെറ്റീഷന്‍ എന്‍ക്വയറിങ്, പാറാവ് തുടങ്ങിയ ചുമതലയിലെല്ലാം  വനിതാ പോലിസുകാരാണുണ്ടായിരുന്നത്.
ഇത്തവണ എട്ടുപേരാണ് ടൗണ്‍ സ്‌റ്റേഷനിലുണ്ടായത്. സ്‌റ്റേഷനിലെ സുപ്രധാന ഡ്യൂട്ടിയായ ജിഡി ചാര്‍ജിന്റെ ചുമതല കാടാച്ചിറ സ്വദേശിനിയും സീനിയര്‍ വനിതാ പോലിസ് ഓഫിസറുമായ മഞ്ജുളയ്ക്കായിരുന്നു. കഴിഞ്ഞ വര്‍ഷം 10 പേരാണ് വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായി ടൗണ്‍ പോലിസ് സ്‌റ്റേഷനിലുണ്ടായത്. എന്നാല്‍ ജീവനക്കാരുടെ എണ്ണം മതിയാവത്തതിനാല്‍ സഹായത്തിന്് ടൗണ്‍ സ്‌റ്റേഷനിലെ പോലിസുകാരികള്‍ക്ക് പുറമെ മറ്റ് സ്‌റ്റേഷനുകളില്‍ നിന്നും വനിതാ പോലിസ് സ്‌റ്റേഷനില്‍ നിന്നും വനിതാ സെല്ലിലെയും തിരഞ്ഞെടുക്കപ്പെട്ടവരെത്തിയാണ് സ്‌റ്റേഷന്‍ ഭരണം നിയന്ത്രിച്ചത്.
ഇന്നലെ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പരാതിയും പരിഭവുങ്ങളുമായെത്തിയവരെ സ്വീകരിച്ചതും സുപ്രധാന ചുമതലകള്‍ നിര്‍വഹിച്ചതും വനിതാ പോലിസുകാരാണ്. ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ക്രമസമാധാനപരിപാലന രംഗത്ത് പുതിയ കീഴ്‌വഴക്കങ്ങള്‍ക്ക് ഉണ്ടായത്. ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം ഉള്‍പ്പടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെ പൂര്‍ണപിന്തുണയുണ്ടായതായി വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കണ്ണവം, മുഴക്കുന്ന്, വളപട്ടണം, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലും ജിഡി ചാര്‍ജ്ജ്, ഡെസ്‌ക്, വയര്‍ലെസ് സംവിധാനമുള്‍പ്പടെയുള്ള സുപ്രധാന ചുമതലകള്‍ നിര്‍വഹിച്ചത് വനിതാ പോലിസ് ഉദ്യോഗസ്ഥരാണ്.
Next Story

RELATED STORIES

Share it