ernakulam local

എസ്‌ഐയെ കൈയേറ്റം ചെയ്ത കേസില്‍ പിതാവും മകനും അറസ്റ്റില്‍

വൈപ്പിന്‍: ഞാറക്കല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഗീഷ് കുമാറിനെ കൈയേറ്റം ചെയ്ത കുടുംബത്തിലെ നാലംഗസംഘത്തില്‍ കുടുംബനാഥനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു.
മുനമ്പം ഓളാട്ട് പുറത്ത് ജോയി(60), മകന്‍ ലിജു(26) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. സംഭവത്തിനു ശേഷം ജോയിയും മകനും ഭാര്യയും മകളും ഉള്‍പ്പെടെ നാലുപേരും പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തത്.
ഞാറക്കലില്‍ മഞ്ഞനക്കാട് കൊല്ലം വേലിയകത്ത് ബെന്‍സി റോഡ്രിഗ്‌സ് എന്നയാള്‍ ജോയിക്ക് നല്‍കാനുള്ള വന്‍തുക ആവശ്യപ്പെട്ട് ജോയിയും കുടുംബവും ഇയാളുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി.
ഇയാളുടെ സഹോദരന്‍ ജോസിയെ മര്‍ദ്ദിക്കുകയും ചെയ്ത പരാതിയില്‍ സംഭവം നടക്കുന്ന സമയത്തുതന്നെ അന്വേഷിക്കാനെത്തിയതായിരുന്നു എസ് ഐയും സംഘവും. ജോയിയെ ജീപ്പില്‍ പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ മകനും ഭാര്യയും മകളും കൂടെ എസ്‌ഐയുടെ ഷോള്‍ഡറിലും പുറത്തും മര്‍ദ്ദിച്ചെന്നാണ് പരാതി.
വനിതാ പോലിസില്ലാതിരുന്നതിനാല്‍ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ ഉപേക്ഷിച്ചുപോന്ന പോലിസ് പിന്നീട് എസ്‌ഐയെ കൈയേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it