എസ്‌ഐയെ ആക്രമിച്ച കേസ്: ഗുണ്ടാസംഘാംഗങ്ങള്‍ അറസ്റ്റില്‍

കുന്നംകുളം: ഡ്യൂട്ടിക്കിടെ പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാസംഘാംഗങ്ങളെ അറസ്റ്റ് ചെയ്തു. പാലയൂര്‍ കറപ്പം വീട്ടില്‍ ഫവദ്, അമലനഗര്‍ പുല്ലംപറമ്പത്ത് വീട്ടില്‍ കൃഷ്ണകുമാര്‍ എന്നിവരെയാണ് കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്. ഹൈവേ പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം പി വര്‍ഗീസിനെയാണ് സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കേച്ചേരി എരനെല്ലൂരില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് എത്തിയതായിരുന്നു പോലിസ്. തൃശൂര്‍ പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗുണ്ടാസംഘം സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഉരഞ്ഞത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെ എത്തിയ പോലിസ് സംഘത്തെ കണ്ടപ്പോള്‍ തങ്ങളെ പിടികൂടാനെത്തിയതാണെന്ന് ധരിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ എസ്‌ഐ വര്‍ഗീസിന്റെ മൂക്കിന്റെ എല്ല് തകര്‍ന്നു. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ ഇരുവരെയും രാത്രി സ്‌റ്റേഷനിലെത്തിച്ചു. പരിക്കേറ്റ എസ്‌ഐയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ വൈശാഖിനെ അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ ആക്രമിച്ച കേസില്‍ പ്രതിയായ ഫവദിന് ചാവക്കാട്, പേരാമംഗലം, തിരൂര്‍, പാലക്കാട് ടൗണ്‍ നോര്‍ത്ത്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, വടക്കേക്കാട്, ഗുരുവായൂര്‍, പെരുമ്പടപ്പ് പോലിസ് സ്‌റ്റേഷനുകളിലായി 24ല്‍ പരം കേസുകളുണ്ട്. മോഷണം, പണം തട്ടിപ്പറിക്കല്‍, ആക്രമണം തുടങ്ങിയ കേസുകളാണ് ഫവദിന്റെ പേരിലുള്ളത്.
Next Story

RELATED STORIES

Share it