എസ്‌ഐയുടെ സ്ഥലംമാറ്റം അപര്യാപ്തം: എന്‍സിഎച്ച്ആര്‍ഒ

പാലക്കാട്: മീനാക്ഷിപുരം പോലിസ് സ്‌റ്റേഷനില്‍ ആദിവാസികളുടെ തല മൊട്ടയടിച്ച സംഭവത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിസ്സാരവല്‍ക്കരിക്കുകയും മുതലെടുക്കുകയുമാണെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. പാലക്കാട്ടിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ ജാതിഗ്രാമങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നതെന്ന് നൊട്ടമ്പാറ സ്രാമ്പിക്കല്‍ കോളനിയില്‍ സഞ്ജയ്, നിതീഷ് എന്നീ ഇരകളുടെ വീട് സന്ദര്‍ശിച്ച ശേഷം എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ഒ എച്ച് ഖലീല്‍ എന്നിവര്‍ പറഞ്ഞു.
ആദിവാസി ഇരവാലരുടെ താടിയും മുടിയും കുറ്റകരമാണെങ്കില്‍ ആള്‍ദൈവങ്ങളുടെ തലയാണ് ആദ്യം മുണ്ഡനം ചെയ്യേണ്ടത്. ആദിവാസികളല്ലാത്ത വരുടെ നേരെ പോലിസ് ഇവ്വിധം പ്രവര്‍ത്തിക്കില്ല. ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ദലിത്-ആദിവാസി-മുസ്‌ലിംകള്‍ കടുത്ത ദണ്ഡനമുറകള്‍ നേരിടുകയാണ്. മീനാക്ഷി പുരത്ത് മണിമേഖല എന്ന ദലിത് ബാലികയെ ശെന്തില്‍വേല്‍ കൗണ്ടറായ നാട്ടുപ്രമാണി പീഡിപ്പിച്ചുകൊന്നിരുന്നു. ജനതാദള്‍ വിട്ട കുറ്റത്തിന് യുവാവിനെ പ്ലാച്ചിമടയില്‍ ക്രൂരമായി മര്‍ദിച്ച ശേഷം പെരുമാട്ടി പഞ്ചായത്ത് പ്രസിഡ ന്റിന്റെ ചെരുപ്പ് നക്കിക്കുകയും കാലുപിടിപ്പിക്കുകയും ചെയ്ത സംഭവം കോളിളക്കം സൃഷ്ടിച്ചതാണ്.
മുതലമട പഞ്ചായത്തിലെ ഗോവിന്ദപുരം അംബേദ്കര്‍ കോളനിയില്‍ ഇപ്പോഴും ജാതിവിവേചനം ശക്തമാണ്. സ്റ്റേഷനുകള്‍ പീഡനകേന്ദ്രങ്ങളായി മാറുന്നു. പോലിസിന്റേത് നാടുവാഴിത്ത സമീപനമാണ്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടണമെ ന്നും അവര്‍ ആവശ്യപ്പെട്ടു. തലമുണ്ഡനം വിവാദമായപ്പോള്‍ എസ്‌ഐ വിനോദിനെ സ്ഥലം മാറ്റിയെങ്കിലും അത് ശിക്ഷാനടപടിയല്ല. അതുകൊണ്ട് എസ്ഇ -എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും എന്‍സിഎച്ച്ആര്‍ഒ സംഘം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it