എസ്‌ഐയും പോലിസുകാരും ക്രൂരമായി മര്‍ദിച്ചെന്ന് സഹോദരന്‍

കൊച്ചി/വരാപ്പുഴ: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ സജിത്തും മാതാപിതാക്കളും. പോലിസ് തങ്ങളെ ജീപ്പിലിട്ടും സ്റ്റേഷനിലിട്ടും ക്രൂരമായി മര്‍ദിച്ചെന്ന് സജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീജിത്തിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് വീട്ടിലെത്തിയതായിരുന്നു സജിത്ത്.
വാസുദേവന്റെ വീട്ടില്‍ കയറി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്ത 10 പേരില്‍ ഉള്‍പ്പെട്ടവരായിരുന്നു ശ്രീജിത്തും സജിത്തും. വീട്ടില്‍ നിന്നു തങ്ങളെ രണ്ടു പേരെയും മര്‍ദിച്ചാണ് കൊണ്ടുപോയതെന്നു സജിത്ത് പറഞ്ഞു. വീട്ടില്‍ നിന്നു റോഡ് വരെ മര്‍ദിച്ചു. പോലിസ് ജീപ്പില്‍ കയറ്റിയതിനുശേഷം നിലത്തിട്ടു ചവിട്ടി. മൂന്നു പോലിസുകാരാണ് മര്‍ദിച്ചത്. സ്റ്റേഷനില്‍ എത്തിയ ശേഷം എസ്‌ഐയുടെ വകയായിരുന്നു മര്‍ദനം.
ശ്രീജിത്തിനെയും ക്രൂരമായി മര്‍ദിച്ചു. തീരെ വയ്യെന്നു പറഞ്ഞപ്പോള്‍ ശ്രീജിത്തിനെ പറവൂരിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ എത്തിച്ചുകഴിഞ്ഞപ്പോള്‍ കുഴപ്പമില്ലെന്നു പറഞ്ഞ് തിരിച്ചുകൊണ്ടുവന്നു. പക്ഷേ, രാത്രിയായപ്പോള്‍ വീണ്ടും ശ്രീജിത്ത് അവശനായി. സ്റ്റേഷനില്‍ എത്തിച്ചതിനുശേഷം എസ്‌ഐ മാത്രമാണ് മര്‍ദിച്ചത്. വീട്ടില്‍ കയറി ആക്രമിച്ചവരുടെ കൂട്ടുകാരാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് വയ്യാതായ ശ്രീജിത്ത് തന്നെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്നു പറഞ്ഞെങ്കിലും ആദ്യം അവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. നിന്നെ ഇപ്പോള്‍ തന്നെ ശരിയാക്കിത്തരാമെന്നു പറഞ്ഞ് എസ്‌ഐ ചവിട്ടുകയായിരുന്നു. വാസുദേവന്റെ വീട്ടില്‍ ആക്രമണം നടക്കുമ്പോള്‍ താന്‍ പറവൂരിലായിരുന്നു. ശ്രീജിത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും സജിത്ത് പറഞ്ഞു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ പോയി എന്തെങ്കിലും പറഞ്ഞാല്‍ വീണ്ടും ഇടിക്കുമെന്ന് പോലിസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും സജിത്ത് പറഞ്ഞു. കേസില്‍ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്ന മറ്റുള്ളവര്‍ക്കും കേസുമായി ബന്ധമില്ല. വീട്ടില്‍ കയറി ആക്രമിച്ചവരുടെ കൂട്ടുകാരാണെന്നു പറഞ്ഞാണ് അവരെയും പോലിസ് പിടിച്ചുകൊണ്ടുപോയിരിക്കുന്നത്. അവര്‍ക്കും സ്‌റ്റേഷനില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റു. ജയിലില്‍ വച്ചും മര്‍ദനമുണ്ടായി. ശ്രീക്കുട്ടന്‍ എന്നു പറയുന്ന ആള്‍ അദ്ദേഹത്തിന്റെ കുട്ടിയുടെ ചടങ്ങിന് ക്ഷണിക്കാന്‍ കൂട്ടുകാരന്റെ വീട്ടില്‍ വന്നതാണ്. ഇപ്പോള്‍ വിടാമെന്ന് പറഞ്ഞാണ് പോലിസ് പിടിച്ചുകൊണ്ടുപോയതെന്നും സജിത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it