ernakulam local

എസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ പോലിസ് സ്റ്റേഷനില്‍ കുത്തിയിരുന്നു



മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എംഎല്‍എയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ച എസ് ഐക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ പോലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി. ഇന്നലെ വൈകീട്ട്് മൂവാറ്റുപുഴ പോലിസ് സ്റ്റേഷനിലാണ് സംഭവം. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്‌ഐ വര്‍ക്കിയാണ് എല്‍ദോ എബ്രഹാം എംഎല്‍എയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയത്. എംഎല്‍എ വാഹനത്തില്‍ വരുമ്പോള്‍ പായിപ്രയില്‍ റോഡില്‍ വാഹന പരിശോധന നടക്കുകയായിരുന്നു. ഈ സമയം തന്റെ അയല്‍ വാസികളായ രണ്ട് യുവാക്കളെ പോലിസ് തടഞ്ഞ് നിറുത്തിയിരിക്കുകയായിരുന്നു. ഇവരെ വിടണമെന്ന് എസ്‌ഐയെ ഫോണില്‍ വിളിച്ചതോടെയാണ് എസ്‌ഐ എംഎല്‍എയോട് ഫോണില്‍ അപമര്യാദയായി സംസാരിച്ചത്. ഉടന്‍ എംഎല്‍എ സ്റ്റേഷനിലേക്ക് ചെല്ലുകയായിരുന്നു. ഈ സമയം എസ്‌ഐ സ്റ്റേഷനില്‍ നിന്നും പോവുകയും ചെയ്തു. എന്നാല്‍ എസ്‌ഐ സ്റ്റേഷനില്‍ വരാതെ പോവില്ലന്ന നിലപാട് എടുത്തതോടെ എംഎല്‍എ സ്റ്റേഷനില്‍ കുത്തിയിരിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടങ്കിലും എസ്‌ഐക്കെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എസ്‌ഐക്കെതിരേ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും പരാതിയും നല്‍കി. സ്പീക്കറുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് എംഎല്‍എമാരുടെ അവകാശ ലംഘനത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് എസ്‌ഐ നടത്തിയതെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി ഉറപ്പ് നല്‍കിയതായും എംഎല്‍എ പറഞ്ഞു. സംഭവമറിഞ്ഞ് സിപിഐ നേതാക്കളായ എന്‍ അരുണ്‍, പി കെ ബാബുരാജ്, ടി എം ഹാരിസ്, കെ എ സനീര്‍, വില്‍സണ്‍ ഇല്ലിക്കല്‍, ജോളി പൊട്ടയ്ക്കക്കല്‍, കെ എ നവാസ്, വി എം തമ്പി, മേജോ ജോര്‍ജ്, ജി രാകേശ്, കെ ബി നിസാര്‍, വി എം നവാസ്, പോള്‍ പൂമറ്റം, എം കെ അജി, സി സി ജോയി, ശിവാ ഗോ തോമസ്  എന്നിവരും പോലിസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it