kozhikode local

എസ്‌ഐഒ സമരം: പരിക്കേറ്റ വിദ്യാര്‍ഥികളുടെ പരാതി രേഖപ്പെടുത്തുന്നില്ല

കോഴിക്കോട്: കഴിഞ്ഞയാഴ്ച്ച ഹെഡ്‌പോസ്റ്റാഫീസിലേക്ക് എസ്‌ഐഒ നടത്തിയ മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ പരിക്ക് സംബന്ധിച്ച പരാതി ആശുപത്രി അധികൃതര്‍ മുക്കിയതായി ആക്ഷേപം. രാവിലെ 11നു അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ വൈകീട്ട് അഞ്ചോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുവന്നിരുന്നു. ഇവരുടെ 'വൂണ്ട് സര്‍ട്ടിഫിക്കറ്റ്' ആവശ്യപെട്ട് അപേക്ഷ നല്‍കിയപ്പോഴാണ് 25 വിദ്യാര്‍ഥികളില്‍ 9 പേരുടെ പരിക്ക് വിവരങ്ങള്‍ രേഖപെടുത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. മറ്റ് നാല് പേര്‍ക്കും പോലീസ് ലാത്തിചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സിഐ പ്രമോദ് പോലീസ് വാഹനത്തില്‍ വെച്ച് മര്‍ദ്ദിച്ച എസ്‌ഐഒ ജില്ലാ സെക്രട്ടറി സജീര്‍ എടച്ചേരിയുടെതും ഇതില്‍ ഉള്‍പെടും.
ഈ വിദ്യാര്‍ഥികള്‍ കോടതിയിലും പരാതി ആവര്‍ത്തിക്കുകയും മജിസ്‌ട്രേറ്റ് രേഖപെടുത്തുകയും ചെയ്തിരുന്നു. സജീര്‍ അടക്കമുള്ളവരെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിറ്റേ ദിവസവും ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ ഹാജരാക്കിയിരുന്നു.
ജുവൈനല്‍ നിയമങ്ങള്‍ ലംഘിച്ചു എന്നടക്കമുള്ള പരാതി നിലനില്‍ക്കെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പരിക്ക് വിവരങ്ങള്‍ അടക്കം ആശുപത്രി അധികൃതര്‍ രേഖപെടുത്താതിരുന്നത് പുറത്തായിരിക്കുന്നത്. ഡോ. അനസ് കുന്നുമ്മല്‍, ഡോ.ജിഷ എന്നിവരാണ് പ്രവര്‍ത്തകരെ പരിശോധിച്ചത്. കേസില്‍ ഒന്നാം പ്രതിയായി പോലിസ് ചേര്‍ത്ത എസ്‌ഐഒ നേതാവ് സഈദിനെ വൈകീട്ട് അഞ്ച് മണിക്കും അടുത്തയാളെ 5.25നും പരിശോധിച്ചതായി ആശുപത്രിയില്‍ റെക്കോര്‍ഡില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it