Flash News

എസ്ബിഐ വിവാദ ഉത്തരവ് : ഉന്നംവയ്ക്കുന്നത് സാധാരണക്കാരന്റെ പോക്കറ്റ് ; ജനദ്രോഹം ഹിഡന്‍ ചാര്‍ജിലൂടെ



നിഖില്‍ എസ്  ബാലകൃഷ്ണന്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വിവാദമായ സര്‍ക്കുലറിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ തിരിച്ചടി അനുഭവിക്കേണ്ടിവരുക സാധാരണക്കാരായ ഉപഭോക്താക്കള്‍.എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതടക്കമുള്ള സര്‍ക്കുലറാണ് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ജനരോഷത്തെ തുടര്‍ന്ന് തിരുത്താന്‍ അധികൃതര്‍ തയ്യാറായത്. എടിഎം ഉപയോഗത്തിന് ഒരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ജൂണ്‍ 1 മുതല്‍ ഈടാക്കുമെന്നാണ് സര്‍ക്കുലറില്‍ എസ്ബിഐ മാനേജ്‌മെന്റ് അറിയിച്ചത്. മറ്റ് സ്വകാര്യ ബാങ്കുകള്‍ ഇതടക്കം നിരവധി സേവനങ്ങള്‍ സൗജന്യമായി നല്‍കുമ്പോഴാണ് എസ്ബിഐ പകല്‍ക്കൊള്ളയുമായി ഇറങ്ങിയത്. ജനരോഷം ശക്തമായതോടെ എടിഎം സര്‍വീസ് ചാര്‍ജ് തീരുമാനത്തില്‍ മാത്രമാണ് പുനപ്പരിശോധനയുണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ എടുത്ത സീറോ ബാലന്‍സ് അക്കൗണ്ടി ല്‍ നിലവില്‍ ഒരുമാസം നാലുതവണ എടിഎം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാമത്രേ. ഇതിനുശേഷം ഓരോ ഇടപാടിനും 25 രൂപ വീതം സര്‍വീസ് ചാര്‍ജ് നല്‍കണം. പഴയ നോട്ടുകള്‍ മാറിയെടുക്കുന്നതിനും ഓണ്‍ലൈന്‍ മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാ ര്‍ജ് ഈടാക്കുമെന്ന് പുതിയ സര്‍ക്കുലറില്‍ സൂചിപ്പിച്ചിരുന്നു. ജൂണ്‍ 1നു ശേഷം പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കെന്ന ഖ്യാതിയുള്ള എസ്ബിഐ പൊതുജനങ്ങളില്‍ നിന്ന് പൂര്‍ണമായും അകലുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കാണ് രൂപം നല്‍കാന്‍ പോവുന്നത്. 2015-16 സാമ്പത്തികവര്‍ഷം ലാഭത്തില്‍ വന്‍തോതിലുള്ള ഇടിവാണ് എസ്ബിഐക്ക് സംഭവിച്ചതെന്ന് വാര്‍ഷിക റിപോര്‍ട്ടില്‍ നിന്നു വ്യക്തമാണ്. ഈ വര്‍ഷം മികച്ച വരുമാനം ലക്ഷ്യമിടുന്ന എസ്ബിഐ ഉന്നംവയ്ക്കുന്നത് സാധാരണക്കാരന്റെ കീശയിലേക്കാണെന്നു മാത്രം. നേരത്തേയും പല ചാര്‍ജുകളുടെ രൂപത്തില്‍ എസ്ബിഐ ഉപഭോക്താക്കളെ ഉപദ്രവിച്ചിരുന്നു. സ്വന്തം അക്കൗണ്ടിലേക്ക് 1000 ത്തിനു മുകളില്‍ പണം നിക്ഷേപിക്കുന്ന ഉപഭോക്താവില്‍ നിന്ന് പിഴയെന്ന പേരില്‍ 40 രൂപയാണ് അവരറിയാതെ ഈടാക്കിയിരുന്നത്. എന്നാല്‍, ഈ തുക എന്തിന് ഈടാക്കുന്നു എന്നതിന് ബാങ്കുകള്‍ക്കുപോലും വ്യക്തമായ ധാരണയില്ല. ബ്രാഞ്ചുകളില്‍ അന്വേഷിച്ചാല്‍ കേട്ടുകേള്‍വിപോലുമില്ലാത്ത മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഹിഡന്‍ ചാര്‍ജുകളുടെ മറവിലാണ് എസ്ബിഐയുടെ പകല്‍ക്കൊള്ള. കൊച്ചി നഗരത്തിലെ ഒരു എസ്ബിഐ ശാഖയില്‍നിന്ന് ഗ്രാമപ്രദേശത്തേക്കുള്ള മറ്റൊരു ബ്രാഞ്ചിലേക്ക് ചെറിയ തുക നിക്ഷേപിച്ചാല്‍ ഇന്റര്‍സിറ്റി ചാര്‍ജെന്ന പേരിലാണ് പണം ഈടാക്കുന്നത്. 1,000 രൂപയ്ക്ക് 60 രൂപ വരെയാണ് ഇന്റര്‍സിറ്റി ചാര്‍ജ്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി 25 വര്‍ഷം മുമ്പ് ബാങ്കുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയ രാജ്യമാണ് ഇന്ത്യ. അടുത്തകാലത്ത് ബാങ്കിങ് സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമായതോടെയാണ് സ്വയംഭരണാവകാശം പല ബാങ്കുകളും ഉപയോഗിച്ചുതുടങ്ങിയത്. ആളുകള്‍ക്ക് ബാങ്കിങ് സേവനം നല്‍കുന്നതിനൊപ്പം നിലനില്‍പിനുള്ള പോരാട്ടത്തിലുമാണ് പല ബാങ്കുകളും. മൂലധനം വര്‍ധിപ്പിച്ച് സുരക്ഷിതരാവാനുള്ള ഇവരുടെ ഓട്ടമാണ് ഉപഭോക്താക്കളെ ചൂഷണംചെയ്യുന്നതില്‍ അവസാനിക്കുന്നത്. എസ്ബിടി-എസ്ബിഐ ലയനത്തെ ആദ്യഘട്ടത്തില്‍ എതിര്‍ത്ത ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ പ്രകടിപ്പിച്ച ആശങ്കയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറിയ എസ്ബിഐയുടെ ഇപ്പോഴത്തെ നിലപാടുകള്‍ മറ്റ് ബാങ്കുകളും പിന്തുടരുമോയെന്ന ആശങ്കയും സാധാരണക്കാര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it