Flash News

എസ്ബിഐയുടേത് ഭ്രാന്തന്‍ നയം : ധനമന്ത്രി



തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാട് നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയ എസ്ബിഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു ഭ്രാന്തന്‍ നയമാണ്. അതൊന്നും ന്യായീകരിക്കാന്‍ കഴിയില്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടി സാധാരണജനങ്ങളെ പിഴിയുകയാണ്. 1.67 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ കിട്ടാക്കടം. അതൊന്നും പിടിച്ചെടുക്കാന്‍ നടപടിയില്ല. സ്വകാര്യ ബാങ്കുകള്‍ ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് എസ്ബിഐ നടപ്പാക്കുന്നത്. ഇത് ജനങ്ങളെ ബാങ്കുകളില്‍നിന്ന് അകറ്റുമെന്നും ഐസക് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനല്ല, ജനങ്ങള്‍ക്കാണ് എന്തെങ്കിലും ചെയ്യാനാവുക. എല്ലാതരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും എസ്ബിഐ പണം ഈടാക്കുകയാണ്. ഇതിനൊപ്പം ജിഎസ്ടി നികുതിയും ജനം നല്‍കേണ്ടിവരും. എസ്ബിഐ നേരിടുന്ന അതീവഗുരുതരമായ നിഷ്‌ക്രിയ ആസ്തിയുടെ ഫലമാണ് ഇന്നു നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍. എസ്ബിഐയുടെ ലാഭം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനവും അസോഷ്യേറ്റ് ബാങ്കുകളുടെ ലയനവും എസ്ബിഐ പുതിയ നയം സ്വീകരിക്കുന്നതിന് കാരണമായിട്ടുണ്ട്. ലയിപ്പിച്ച ബാങ്കുകളുടെ നഷ്ടം കൂടി എസ്ബിഐ വഹിക്കേണ്ടിവരുന്നു. ഇത് എസ്ബിഐക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എസ്ബിഐയുടെ കഴിഞ്ഞപാദത്തിലെ വരുമാനം 35 ശതമാനം കുറഞ്ഞു. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. സഹകരണ ബാങ്കുകളുടെ പ്രസക്തി ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഏതു രീതിയിലും സഹകരണ ബാങ്കുകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ബിഐക്കെതിരേ അനാവശ്യ പ്രചാരണം നടത്തുന്ന ധനമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it