Flash News

എസ്ബിഐയുടെ പകല്‍ക്കൊള്ള കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാന്‍ : ബെഫി



കൊച്ചി: എസ്ബിഐയുടെ പകല്‍ക്കൊള്ള കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാനെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ചാര്‍ജുകള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നു. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനു പോലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മിനിമം ബാലന്‍സും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചതിനാല്‍ അക്കൗണ്ട് വേണ്ടെന്നുവച്ചാലും ബാങ്ക് ചാര്‍ജ് വസൂലാക്കും. ജൂണ്‍ 1 മുതല്‍ പുതുക്കിയ ചാര്‍ജുകള്‍ ഈടാക്കിത്തുടങ്ങും. എടിഎം ഇടപാടില്‍ പുതുതായി ഏര്‍പ്പെടുത്തിയ സര്‍വീസ് ചാര്‍ജുകള്‍ ജനരോഷം പരിഗണിച്ച് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. പക്ഷേ, വര്‍ധിപ്പിച്ച മറ്റ് സര്‍വീസ് ചാര്‍ജുകള്‍ അതേപടി തുടരും. എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച വേളയില്‍ സാധാരണക്കാരന് ഒരു അസൗകര്യവും ഉണ്ടാവില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരും ബാങ്ക് അധികാരികളും പറഞ്ഞിരുന്നത്. ശാഖകള്‍ അടച്ചുപൂട്ടുമെന്ന വാര്‍ത്തകളും അന്ന് അധികാരികള്‍ നിഷേധിച്ചു.  എന്നാല്‍, കേരളത്തില്‍ മാത്രം 197 ശാഖകള്‍ മറ്റ് ശാഖകളുമായി ലയിപ്പിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സാധാരണ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ ഒന്നൊന്നായി അവസാനിപ്പിക്കുകയാണ് എസ്ബിഐ. സര്‍വീസ് ചാര്‍ജുകള്‍ അന്യായമായി വര്‍ധിപ്പിച്ച് സാധാരണക്കാരനെ ബാങ്കില്‍ നിന്ന് ആട്ടിയോടിക്കുകയെന്ന അജണ്ട വേഗതയില്‍ നടപ്പാക്കുകയാണ് ബാങ്കധികാരികള്‍.  പുതുതായി കടന്നുവരുന്ന സ്വകാര്യ മേഖലയിലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകള്‍ക്കും ഇടമുണ്ടാക്കുക എന്ന ഒരു ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.    ഇതിനെതിരേ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം പറഞ്ഞു.
Next Story

RELATED STORIES

Share it