Kollam Local

എസ്പിസി ക്യാംപിന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്ന്

കൊല്ലം: പൂയപ്പള്ളി ഗവ. ഹൈസ്‌കൂളിലെ എസ്പിസി ക്യാംപിന്റെ പേരില്‍ പോലിസ് പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് സ്‌കൂള്‍ എസ്പിസി യൂനിറ്റിന്റെ ചുമതലയുള്ള സിപിഒ വി റാണി, എസിപിഒ എ എന്‍ ഗിരിജ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സ്‌കൂളിലെ എസ്പിസി മധ്യവേനലവധി ക്യാംപ് ഈ മാസം 18 മുതല്‍ 20 വരെയാണ് നടന്നത്. ഇവിടെ രക്ഷാകര്‍ത്താക്കള്‍ സ്വന്തം വീടുകളില്‍ പാചകം ചെയ്ത ഭക്ഷണം സ്‌കൂളില്‍ കൊണ്ടുവന്ന് വിളമ്പുകയുമാണ് ചെയ്തത്. അതിനാല്‍ ഈ ക്യാംപില്‍ യാതൊരുവിധ പണപ്പിരിവും നടത്തിയിട്ടില്ല. രക്ഷകര്‍താക്കളുടെയും പിടിഎയുടെയും അധ്യാപകരുടെയും പോലിസ് വകുപ്പിന്റേയും പൂര്‍ണ മേല്‍നോട്ടത്തിലാണ് ഈ ക്യാംപ് നടന്നത്.
കൊല്ലം ജില്ലയിലെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഹൈസ്‌കൂളാണ് പൂയപ്പള്ളി ഗവ:ഹൈസ്‌കൂള്‍. സ്‌കൂളിലെ എസ്പിസി യൂനിറ്റ് മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ രണ്ടുദിവസം 50 പൊതിച്ചോറുകള്‍ വൃദ്ധരും അനാഥരും രോഗികളുമായ അന്തേവാസികളുള്ള കരീപ്ര ശരണാലയത്തില്‍ കാഡറ്റുകള്‍ കൊണ്ടുവരുന്ന ഭക്ഷണപ്പൊതി മുടങ്ങാതെ ഒരുവര്‍ഷമായി കൊടുത്തുവരുന്നുണ്ട്. എല്ലാമാസവും 5000 രൂപവീതംനിര്‍ധനരായരോഗികള്‍ക്ക് ചികില്‍സാ സഹായവും വിദ്യാഭ്യാസ ധനസഹായവും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് നല്‍കി വരുന്നു. എല്ലാ കാഡറ്റുകള്‍ക്കും നീന്തല്‍ പരിശീലനം, യോഗ,കളരി എന്നിവയിലെ പരിശീലനവും നല്‍കുന്നുണ്ട്. സ്വന്തമായി എസ്പി സി ബാന്‍ഡു ഗ്രൂപ്പുള്ള കേരളത്തിലെ ആദ്യത്തെ സ്‌കൂളാണ് പൂയപ്പള്ളി ഗവ:ഹൈസ്‌കൂള്‍. ഉന്നതിയില്‍ നില്‍ക്കുന്നതും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്നതുമായ ഈ സര്‍ക്കാര്‍ സ്‌കൂളിനെ തകര്‍ക്കുന്നതിന് ചില ശ്രമങ്ങള്‍ നടക്കുന്നതായും എസ്പിസി അധികൃതര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it