Kollam Local

എസ്പിസിയുടെ പ്രാധാന്യം സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് മന്ത്രി



ചവറ: സമൂഹത്തിലെ തിന്മകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ മാതൃകയായ എസ്പിസിയുടെ പ്രാധാന്യം സമൂഹം മനസിലാക്കിത്തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തേവലക്കര കോയിവിള അയ്യന്‍ കോയിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളുകളില്‍ മാത്രം ഒതുങ്ങിയിരുന്ന എസ്പിസിയെ രക്ഷിതാക്കള്‍ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. തങ്ങളുടെ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണം. നിരവധി വിദ്യാലയങ്ങളാണ് എസ്പിസി വേണമെന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്. വിദ്യാര്‍ഥികളില്‍ സ്വഭാവശുദ്ധിയും കര്‍മ്മശേഷിയും വളര്‍ത്തി കൊണ്ട് വരാന്‍ എസ്പിസിക്ക് കഴിയുന്നു. ഹൈടെക് നിലവാരത്തിലേക്ക് എത്തുന്നതോടെ പൊതു വിദ്യാലയങ്ങളുടെ  മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. എന്‍ വിജയന്‍ പിള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. വിജയോല്‍സവം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ എസ് അജീതാ ബീഗം മുഖ്യ പ്രഭാഷണം നടത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എസ് ഷിഹാബുദ്ദീന്‍ പദ്ധതി വിശദീകരിച്ചു.  എസിപി ശിവപ്രസാദ്, ചവറ സിഐ ഗോപകുമാര്‍, എസ്‌ഐ രാജേഷ്, വി ലതാ എം ജോണ്‍,  പ്രീതാകുമാരിയമ്മ, കെ മോഹനകുട്ടന്‍, പി ഓമനക്കുട്ടന്‍, അജയകുമാര്‍, അനില്‍കുമാര്‍, ടി എസ് വല്‍സലാ കുമാരി, എമേഴ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. 22 ആണ്‍കുട്ടികളും, 22 പെണ്‍കുട്ടികളും അടങ്ങുന്നതാണ് ആദ്യ ബാച്ച് .—
Next Story

RELATED STORIES

Share it