Kollam Local

എസ്പിസിയുടെ പേരില്‍ പോലിസിന്റെ നേതൃത്വത്തില്‍ പണപ്പിരിവ്: എസ്പി ഇടപെട്ട് പണം തിരികെ കൊടുപ്പിച്ചു

ഓയൂര്‍: പൂയപ്പള്ളി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കാഡറ്റുകളുടെ പേരില്‍ വ്യാപക പണപ്പിരിവ്. പിരിവിനെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കൊട്ടാരക്കര റൂറല്‍ എസ്പി അജിതാബേഗം ഇടപെട്ട് പണം തിരികെ കൊടുപ്പിച്ചു.

പൂയപ്പള്ളി ഹൈസ്‌കൂളില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന സ്റ്റുഡന്റ് പോലിസ് കാഡറ്റിന്റെ ത്രിദിന ക്യാംപിന്റെ ചെലവിലേക്കാണ് ഓയൂര്‍ ടൗണിലെ സ്വര്‍ണ്ണക്കടകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യാപാരകേന്ദ്രങ്ങളില്‍ പോലിസ് വാഹനത്തില്‍ ഉദ്യോഗസ്ഥരെത്തി പണപ്പിരിവ് നടത്തിയത്. പണപ്പിരിവ് നടത്തിയ വിവരം എസ്പിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൂയപ്പള്ളി എസ്‌ഐയോട് വിവരം ആരാഞ്ഞു. എഴുകോണ്‍ സി.ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് പിരിവ് നടത്തിയതെന്ന് എസ്‌ഐ മറുപടിയും നല്‍കി. എന്നാല്‍ അനധികൃതമായി പിരിച്ചെടുത്ത പണം തിരികെ നല്‍കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കി. ഉടന്‍ തന്നെ പോലിസുകാര്‍ പണം തിരികെ കൊണ്ടുകൊടുക്കുകയായിരുന്നു.
എസ്പിസിയുടെ ക്യാംപിന്റെ ആവശ്യം പറഞ്ഞ് വെളിയം, വെളിനല്ലൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളിലെ ക്വാറികളില്‍ നിന്നുമാത്രം രണ്ട് ലക്ഷത്തില്‍പ്പരം രൂപ സ്‌കൂള്‍ അധികൃതരും പോലിസും ചേര്‍ന്ന് പിരിച്ചെടുത്തതായും ആരോപണമുണ്ട്. കൂടാതെ നാട്ടുകാരില്‍നിന്നും ഇതിലും ഇരട്ടിയലധികം തുകയാണ് പിരിച്ചെടുത്തിട്ടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്. നൂറില്‍ താഴെ കുട്ടികള്‍ പങ്കെടുത്ത ക്യാംപില്‍ കുട്ടികള്‍ വൈകുന്നേരത്തോടെ വീട്ടില്‍പ്പോയി പിറ്റേദിവസം രാവിലെ മടങ്ങിവരികയാണ് പതിവ്. പിരിച്ചെടുത്തെന്ന് പറയപ്പെടുന്ന തുകയുടെ നാലിലൊന്നുപോലും ചെലവിനായി വേണ്ടിവരില്ല.
എസ്പിസിയുടെ പേരില്‍ ഇത്തരത്തില്‍ നിരവധി തവണയാണ് പുറത്തുനിന്നും കാഡറ്റുകളില്‍നിന്നും പിരിവ് നടത്തിവരുന്നതായി അറിയാന്‍ കഴിയുന്നത്.
പിരിക്കുന്ന തുകയ്‌ക്കൊന്നും രശീതി നല്‍കുകയോ കണക്കുകള്‍ സൂക്ഷിക്കാറോ ഇല്ല. എസ്പിസി കാഡറ്റുകളുടെ പേരില്‍ നടത്തുന്ന വ്യാപക പണപ്പിരിവിനെതിരേ എസ്പി ഇടപെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it