kannur local

എസ്പിയും സംഘവും പരിശോധന നടത്തി

തളിപ്പറമ്പ്: വയല്‍ക്കിളി ഐക്യദാര്‍ഢ്യ സമിതി ഇന്ന് സംഘടിപ്പിക്കുന്ന കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിലുള്ള മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. നേരത്തെ വയല്‍ക്കിളികള്‍ പന്തല്‍ കെട്ടിയ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര പരിസരവും കീഴാറ്റൂരിലേക്കുള്ള റോഡുകളും എസ്പിയും സംഘവും പരിശോധിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍, സിഐ പി കെ സുധാകരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാര്‍ച്ചുമായി ബന്ധപ്പെട്ട് നിരോധാജ്ഞ പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ കനത്ത പോലിസ് ബന്തവസ്സിലായിരുന്നു കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് സിപിഎമ്മിന്റെ ജനജാഗ്രതാ മാര്‍ച്ച് നടന്നത്. സമാനമായ പോലിസ് ബന്തവസ് ഇന്നും ഏര്‍പ്പെടുത്തും. തളിപ്പറമ്പ് ടൗണ്‍ മുതല്‍ കീഴാറ്റൂര്‍ വരെ ഇന്ന് പോലിസ് വലയം തീര്‍ക്കും. മാര്‍ച്ച് കടന്നുപോവുന്ന റോഡിന്റെ ഇരുവശങ്ങളിലും സിപിഎം നിറയെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഈ ബോര്‍ഡുകളോ കൊടികളോ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷസാധ്യതയ്ക്ക് കാരണമായേക്കാം എന്നാണ് പോലിസ് നിഗമനം. ഇത് തടയാന്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
Next Story

RELATED STORIES

Share it