Flash News

എസ്പിയില്‍ വീണ്ടും കലഹം



ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി (എസ്പി)യില്‍ വീണ്ടും ഭിന്നത പ്രത്യക്ഷമായി. താന്‍ രൂപീകരിക്കുന്ന മതനിരപേക്ഷമുന്നണിയെ മുലായംസിങ് യാദവ് നയിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും എസ് പി നേതാവുമായ ശിവപാല്‍ പ്രഖ്യാപിച്ചു. അഖിലേഷ് യാദവ് മൂന്നുമാസത്തിനകം പാര്‍ട്ടി നേതൃത്വം മുലായംസിങിന് കൈമാറിയില്ലെങ്കില്‍ താന്‍ മതനിരപേക്ഷ മുന്നണി രൂപീകരിക്കുമെന്ന് ശിവപാല്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. സാമൂഹികനീതിക്കുവേണ്ടി ഉടന്‍ സമാജ്‌വാദി മതനിരപേക്ഷ മോര്‍ച്ച രൂപീകരിക്കുമെന്നും നേതാജി (മുലായം) അതിന്റെ ദേശീയ അധ്യക്ഷനായിരിക്കുമെന്നും ശിവപാല്‍ പറഞ്ഞു. ഇറ്റാവയില്‍ മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തിയശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുലായംസിങിന്റെ സഹോദരനായ ശിവപാല്‍ ഇക്കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജസ്വന്ത് നഗറില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ മതനിരപേക്ഷ മുന്നണി എസ്പിക്കെതിരേ മല്‍സരിക്കുമെന്നോ സോഷ്യലിസ്റ്റുകളെ ഒന്നിപ്പിക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. പാര്‍ട്ടി നേതൃത്വം മുലായംസിങിന് കൈമാറുമെന്നും അഖിലേഷ് വാഗ്ദാനം ചെയ്തതാണെന്നും അദ്ദേഹം അതു നടപ്പാക്കണമെന്നും ശിവപാല്‍ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. എസ്പിയില്‍ രൂക്ഷമായ ചേരിപ്പോര് നിലനില്‍ക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ശിവപാലും അഖിലേഷും തമ്മിലുള്ള അധികാര വടംവലി പാര്‍ട്ടിയെ ഉലച്ചിരുന്നു. അഖിലേഷിനെ സംസ്ഥാന പാര്‍ട്ടി നേതൃ—സ്ഥാനത്തുനിന്ന് ശിവപാലും സംസ്ഥാന മന്ത്രിസഭയില്‍ നിന്നു ശിവപാലിനെ മുഖ്യമന്ത്രിയായ അഖിലേഷും നീക്കംചെയ്തിരുന്നു. തന്റെ പിതാവ് കൂടിയായ മുലായംസിങിനെ നീക്കി പാര്‍ട്ടിയുടെ ദേശീയാധ്യക്ഷസ്ഥാനം അഖിലേഷ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അഖിലേഷിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എസ്പി ദയനീയമായി പരാജയപ്പെട്ടു. ബിജെപി തിരഞ്ഞെടുപ്പില്‍ തൂത്തുവാരുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതിന് അഖിലേഷിനെ മുലായം കുറ്റപ്പെടുത്തിയിരുന്നു. അഖിലേഷ് തന്നെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ദേശീയ അധ്യക്ഷപദവി അഖിലേഷ് രാജിവയ്ക്കണമെന്നാണ് ശിവപാലിന്റെ ആവശ്യം. എന്നാല്‍ രാജി ആവശ്യപ്പെടുന്നതിനു മുമ്പ് ശിവപാല്‍ പാര്‍ട്ടി ഭരണഘടന വായിച്ചുനോക്കണമെന്നാണ് അഖിലേഷിന്റെ വിശ്വസ്തനായ രാംഗോപാല്‍ യാദവ് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it