ernakulam local

എസ്പിഎസ് മല്‍സ്യ മാര്‍ക്കറ്റ് കാട്കയറി

മരട്: മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിലച്ച് കാട്കയറിയതോടെ ഇതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനൊരുങ്ങി സന്‍മാര്‍ഗപ്രദീപസഭ. മല്‍സ്യത്തൊഴിലാളി സമൂഹത്തിന് ആശ്വാസമായിരുന്ന കുമ്പളത്തെ ഏക മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിലച്ച് മൂന്ന് വര്‍ഷം പിന്നിട്ടതോടെ ഇപ്പോള്‍ കാട്കയറിയ നിലയിലായി. ഇടത്തട്ടുകാരുടെ ചൂഷണങ്ങള്‍ ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ലഭിക്കുന്നതിനും നാടന്‍ മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കുമ്പളം മത്സ്യ മാര്‍ക്കറ്റിനാണ് ഈ ദുര്‍ഗതി വന്നത്. ഫണ്ട് അനുവദിച്ചിട്ടും തുടര്‍ നടപടികളുടെ അഭാവമാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയായത്. ലോക ബാങ്ക് സഹായത്തോടെ ശുദ്ധജല വിതരണ കുഴലുകള്‍ സ്ഥാപിക്കുവാന്‍ കായല്‍ ഡ്രജ് ചെയ്തപ്പോള്‍ നിക്ഷേപിച്ച എക്കല്‍ അടിഞ്ഞുയര്‍ന്ന് ഒരേക്കറോളം ഭൂമി മത്സ്യ മാര്‍ക്കറ്റാക്കി മാറ്റാം എന്നതായിരുന്നു പദ്ധതി. ദേശീയപാതയുടെ സാമിപ്യവും പാര്‍ക്കിങ് സൗകര്യവും ഇതിന് ആകര്‍ഷകങ്ങളായിരുന്നു. കുമ്പളം സന്‍മാര്‍ഗ പ്രദീപ സഭയുടെ നേതൃത്വത്തില്‍ ഇവിടെ താല്‍ക്കാലിക മാര്‍ക്കറ്റ് ഉയരുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. സ്ഥലം എംഎല്‍എ ആയിരുന്ന മുന്‍മന്ത്രി കെ ബാബുവിന്റെ ശ്രമഫലമായി പ്രാഥമിക നടപടികള്‍ക്കായി 20 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിക്കുകയും ചെയ്തു. കല്ലുകെട്ടി തിരിച്ചതു മാത്രമാണ് ഉണ്ടായത്. നികത്തലും നിരപ്പാക്കലും ഫണ്ടിന്റെ അഭാവം പറഞ്ഞ ഒഴിവാക്കി കരാറുകാരന്‍ പിന്‍വാങ്ങുകയും ചെയ്തു. മാസങ്ങളായി ആളനക്കം ഇല്ലാതായതോടെ പ്രദേശം കാടുപിടിച്ചു. സഭയുടെ നേതൃത്വത്തില്‍ നല്ല നിലയില്‍ നടന്നിരുന്ന താല്‍ക്കാലിക മാര്‍ക്കറ്റ് സമീപ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ പ്രയോജനപ്പെട്ടിരുന്നു. ന്യായ വിലയ്ക്കു ശുദ്ധമായ പുഴ മത്സ്യം കിട്ടും എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശരിയായ രീതിയിലുള്ള സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കച്ചവടക്കാരും ലേലക്കാരും മാര്‍ക്കറ്റിനെ ഉപേക്ഷിച്ചു. മാര്‍ക്കറ്റിനു നേരെ രണ്ടു തവണ സാമൂഹിക വിരുദ്ധരുടെ ആക്രമണവും ഉണ്ടായി. പണം മുടക്കിയ സഭയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതോടെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സാവകാശം നിലയ്ക്കുകയായിരുന്നു. ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കുന്നതിന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ 133 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. സഭയ്ക്കു നേരിട്ട നഷ്ടം നികത്തിയും പ്രവര്‍ത്തന മൂലധനം നല്‍കിയും സഹായിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ മാര്‍ക്കറ്റ് ഗുണകരമാകും എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്ഥലം എം എല്‍ എക്ക് നിവേദനം നല്‍കുമെന്ന് സഭാ സെക്രട്ടറി വി.എസ്.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫണ്ടുകള്‍ അനുവദിക്കപ്പെട്ടിട്ടും മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോകുന്നതില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് സഭാ വൈസ് പ്രസിഡന്റ് പി എ രാജേഷ് ചൂണ്ടിക്കാട്ടി. സ്ഥലം എം എല്‍എ ഇക്കാര്യത്തിന് മുന്‍കൈ എടുക്കണമെന്നാണ് മല്‍സ്യതൊഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it