wayanad local

എസ്ഡിപിഐ സ്ഥാനാര്‍ഥി സോമന്‍ എന്ന ഷംസുദ്ദീന്‍ പത്രിക നല്‍കി; ജില്ലയില്‍ ഇന്നലെ അഞ്ചു പത്രികകള്‍

കല്‍പ്പറ്റ: ജില്ലയില്‍ ഇന്നലെ അഞ്ചു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കല്‍പ്പറ്റ- ഒന്ന്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി- രണ്ടു വീതം പത്രികകളാണ് ഇന്നലെ ലഭിച്ചത്. കല്‍പ്പറ്റ മണ്ഡലത്തില്‍ എം വി ശ്രേയാംസ്‌കുമാര്‍ (ജനതാദള്‍-യു) വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഐ സി ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), മാധവി (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന്‍ മുമ്പാകെയും മാനന്തവാടി നിയോജക മണ്ഡലത്തില്‍ പി എന്‍ സോമന്‍ എന്ന ശംസുദ്ദീന്‍ (എസ്ഡിപിഐ), മോഹന്‍ദാസ് (ബിജെപി) എന്നിവര്‍ ഉപവരണാധികാരി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ് ബിന്ദു മുമ്പാകെയുമാണ് പത്രിക നല്‍കിയത്.
തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിന്റെ അകമ്പടിയോടെയാണ് ശ്രേയാംസ്‌കുമാര്‍ പത്രികാസമര്‍പ്പണത്തിനായി പുറപ്പെട്ടത്. ഡിസിസി ഒാഫിസ് പരിസരത്ത് റോഡ് ഷോ അവസാനിച്ച ശേഷമാണ് അദ്ദേഹം വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍ മുമ്പാകെ പത്രിക നല്‍കിയത്. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, മുന്‍ എംഎല്‍എ എന്‍ ഡി അപ്പച്ചന്‍, എം ജെ വിജയപത്മന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നന്മയുടെ നാണയത്തുട്ടുകള്‍ എന്ന പദ്ധതിയിലൂടെ മണ്ഡലത്തിലെ തോട്ടംതൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സമാഹരിച്ചു നല്‍കിയത്.
റോഡ് ഷോയ്ക്ക് യുഡിഎഫ് നേതാക്കളായ റസാഖ് കല്‍പ്പറ്റ, പി പി ആലി, കെ കെ ഹംസ, അഡ്വ. ജോര്‍ജ് പോത്തന്‍, കെ കെ അഹമ്മദ്, എന്‍ കെ റഷീദ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനില്‍കുമാര്‍, അനില തോമസ്, യൂത്ത് ലീഗ് പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, സെക്രട്ടറി പി ഇസ്മായില്‍, വി പി വര്‍ക്കി, എന്‍ ഒ ദേവസി, ഡി രാജന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍നേതൃത്വം നല്‍കി.
സുല്‍ത്താന്‍ബത്തേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്‍ റിട്ടേണിങ് ഓഫിസര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി ആര്‍ ഗോപിനാഥ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, സുല്‍ത്താന്‍ ബത്തേരി മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി മുഹമ്മദ്, പി വി ബാലചന്ദ്രന്‍, കെ കെ അബ്രഹാം, പി പി അയൂബ്, അബ്ദുല്ല മാടക്കര സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it