wayanad local

എസ്ഡിപിഐ മണ്ഡലം പ്രതിനിധി സമ്മേളനം

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിവെച്ച പ്രക്ഷോഭ പരിപാടികള്‍ തുടരാന്‍ എസ്ഡിപിഐ മണ്ഡലം പ്രതിനിധി സമ്മേളനം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. വയനാടിന്റെ ആതുര സേവന മേഖലയോടും സഞ്ചാരസ്വാതന്ത്ര്യമുള്‍പ്പടെയുള്ള വിഷയങ്ങളിലും സര്‍ക്കാര്‍ ചിറ്റമ്മ നയം തുടരുകയാണ്. സര്‍ക്കാരുകള്‍ മാറി വന്നിട്ടും ഇതിന് മാറ്റമുണ്ടായിട്ടില്ല.
നഞ്ചന്‍കോട് റെയില്‍വേയും ചുരം ബദല്‍റോഡും പ്രഖ്യാപനങ്ങള്‍ മാത്രമായി തുടരുന്നു. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കി കിട്ടുന്നതിനുള്ള നടപടികള്‍ പ്രഹസനമായി തുടരുകയാണ്. ജില്ലക്ക് പ്രത്യേക പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ എംപിയുള്‍പ്പടെ ജനപ്രതിനിധികള്‍ പൊതുജനങ്ങളെ വോട്ടുബാങ്ക് മാത്രമായി ഉപയോഗിക്കുകയാണ്. അടിക്കടി പ്രസ്താവനകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ജനപ്രതിനിധികളുടെ ശ്രമം. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജിനു വേണ്ടിയുള്ള സമരം തുടരുന്നതിന് സമ്മേളനത്തില്‍ തീരുമാനമെടുത്തത്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പ്രതിനിധികളെ സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികള്‍: സുബൈര്‍ കല്‍പ്പറ്റ (പ്രസിഡന്റ്), കരീം മുട്ടില്‍ (വൈസ് പ്രസിഡന്റ്), ആര്‍ കെ ഷമീര്‍ (സെക്രട്ടറി), ടി പി നൗഷിര്‍ (ജോയിന്റ് സെക്രട്ടറി), സി എച്ച് നാസര്‍ റിപ്പണ്‍ (ഖജാഞ്ചി), കെ എസ് മുഹമ്മദാലി മേപ്പാടി, റഫീഖ് ഭട്ട് (കമ്മിറ്റി അംഗങ്ങള്‍). ഉസ്മാന്‍ കുണ്ടാല, കുഞ്ഞബ്ദുല്ല മാനന്തവാടി, അഡ്വ. അയ്യൂബ്, എന്‍ ഹംസ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it