Kottayam Local

എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു; കഞ്ചാവ് മാഫിയയെന്ന് സംശയം

ഏറ്റുമാനൂര്‍: വീടിന്റെ കാര്‍ പോര്‍ച്ചില്‍ കിടന്ന എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ അതിരമ്പുഴ മറ്റം കവലയില്‍ മണക്കാട് വീട്ടില്‍ ഫസല്‍ റഹ്മാന്റെ മകന്‍ നസറുല്ലയുടെ ബൈ്ക്കാണ് അഗ്നിക്കിരയാക്കിയത്. പുലര്‍ച്ചെ വീടിന് മുന്നില്‍ വലിയ ശബ്ദം കേട്ട അയല്‍വാസിയാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ ഇദ്ദേഹം വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കാര്‍ പോര്‍ച്ചില്‍ കിടന്നിരുന്ന മറ്റ് രണ്ട് വാഹനങ്ങള്‍ തള്ളി മാറ്റിയ ശേഷമാണ് അക്രമികള്‍ ബൈക്ക് കത്തിച്ചിരിക്കുന്നത് . ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ ആഴ്ച പ്രദേശത്തെ കഞ്ചാവ് ,ബ്ലേഡ് മാഫിയക്കെതിരേ നസറുല്ല ഏറ്റുമാനൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ കുറച്ചു കാലങ്ങളായി 101 കവല കേന്ദ്രീകരിച്ച് കഞ്ചാവ് ബ്ലേഡ് മാഫിയാ ഗുണ്ടാവിളയാട്ടം വ്യാപകമാണ്.ഇതിനെതിരേ എസ്ഡിപിഐ ഏറ്റുമാനൂര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇന്നലെ നടന്ന സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് നസറുല്ല ഏറ്റുമാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി ഏറ്റുമാനൂര്‍ എസഐ അറിയിച്ചു.
എസ്ഡിപിഐ  പ്രതിഷേധിച്ചു
ഏറ്റുമാനൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം പോലിസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രദേശത്തെ കഞ്ചാവ്,ബ്ലേഡ് മാഫിയയെ നിലയ്ക്കു നിര്‍ത്തണമെന്നും മണ്ഡലം പ്രസിഡന്റ് പി എ മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ 101 കവലയില്‍ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി എ മുഹമ്മദ് ബഷീര്‍, മണ്ഡലം കമ്മിറ്റി അംഗം പി യു ഇസ്മാഈല്‍, എസ്ഡിടിയു  ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, ഷമീര്‍ സലിം, ഷാന്‍ ഉസ്മാന്‍, നിയാസ് നാസര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it