kannur local

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് ബോംബേറ്‌

പയ്യന്നൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരേ സിപിഎം ബോംബേറ്. പുഞ്ചക്കാട് പുന്നക്കടവിലേക്കുള്ള പഴയ റോഡിലെ ചേനോത്ത് തുരുത്തുമ്മല്‍ ജലീലിന്റെ വീടീനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ 12.45 ഓടെ സ്റ്റീല്‍ ബോംബെറിഞ്ഞത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ ചിതറിത്തെറിച്ചു. രണ്ടു കിടപ്പുമുറികളുടെ ജനല്‍ച്ചില്ലുകളും തകര്‍ന്നിട്ടുണ്ട്. വിദേശത്തായിരുന്ന ജലീല്‍ ഒരുമാസം മുമ്പ് അവധിക്കുവന്ന ശേഷം കഴിഞ്ഞ ദിവസം തിരിച്ചുപോയിരുന്നു. ജലീലിന്റെ ബൈക്ക് വീട്ടുമുറ്റത്തുണ്ടായതിനാല്‍ ജലീല്‍ വീട്ടിലുണ്ടെന്നു കരുതിയാണ് ആക്രമണം നടത്തിയതെന്നാണു പോലിസ് നിഗമനം.
ദിവസങ്ങള്‍ക്കുമുമ്പ് വീട്ടിലേക്ക് അജ്ഞാതര്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സമീപപ്രദേശമായ എട്ടിക്കുളത്ത് എസ്ഡിപിഐയുടെ പതാക പ്രവര്‍ത്തകന്റെ കടയ്ക്കു മുന്നിലിട്ട് കത്തിച്ചിരുന്നു. പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു. ബോംബേറിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ആക്രമിക്കപ്പെട്ട വീട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി സന്ദര്‍ശിച്ചു. രാഷ്ട്രീയവൈര്യത്തിന്റെ പേരില്‍ ആള്‍ത്താമസമുള്ള വീടുകള്‍ ആക്രമിക്കരുതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വന്തം അണികളെയാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും അക്രമികള്‍ക്കെതിരേ പോലിസ് നടപടിയെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it