എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമംനാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും പിഴയും

മഞ്ചേരി: തിരൂര്‍ പടിഞ്ഞാറെക്കര ചോലക്കല്‍ അലവിയുടെ മകന്‍ മുസ്തഫ (മുത്തു) എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷ വിധിച്ചു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 32,500 രൂപ വീതം പിഴയുമാണ് ശിക്ഷ. കേസില്‍ ഒന്നാം പ്രതി പടിഞ്ഞാറെക്കര സ്വദേശി ചാത്തന്റെ പുരക്കല്‍ ഹംസക്കോയ (43), രണ്ടാം പ്രതി ഈസ്പാടത്ത്് പുരക്കല്‍ കബീര്‍ (38), മൂന്നാം പ്രതി കോടാലിന്റെ പുരക്കല്‍ മനാഫ് (41), അഞ്ചാം പ്രതി സ്രാങ്കിന്റെ പുരക്കല്‍ സക്കരിയ (33) എന്നിവര്‍ക്കെതിരേയാണ് ജഡ്ജി കെ എന്‍ സുജിത്ത് ശിക്ഷ വിധിച്ചത്. ഇതില്‍ ഹംസക്കോയ പുറത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം കൂടിയാണ്.
2014 മാര്‍ച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മുസ്തഫയുടെ ഉടമസ്ഥതയില്‍ പടിഞ്ഞാറെക്കര ആനപ്പടിയിലുള്ള കൂള്‍ബാറിനടുത്തുവച്ച് സംഘം ചേര്‍ന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇരുമ്പ് പൈപ്പ്, വാള്‍, കോടാലി എന്നിവ കൊണ്ട് അടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
രാഷ്ട്രീയ വിരോധമാണ് കൊലപാതക ശ്രമത്തിനു കാരണമെന്നും സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നെന്നും പോലിസ് കണ്ടെത്തിയിരുന്നു. കേസിലുള്‍പ്പെട്ട മൂന്നു പ്രതികള്‍ ഒളിവിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 307 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ് 20000 രൂപ പിഴ, പിഴയടക്കാത്തപക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ്, 143 വകുപ്പ് പ്രകാരം ഒരു മാസം തടവ്, 1000 രൂപ പിഴ, 147 വകുപ്പ് പ്രകാരം ഒരു മാസം തടവ്, 1000 രൂപ പിഴ, 148 വകുപ്പ് പ്രകാരം രണ്ട് മാസം തടവ്, 2000 രൂപ പിഴ, 341 വകുപ്പ് പ്രകാരം പത്തു ദിവസം തടവ്, 500 രൂപ പിഴ, 324 വകുപ്പ് പ്രകാരം ഒരു മാസം തടവ്, 1000 രൂപ പിഴ, 326 വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവ്, 3000 രൂപ പിഴ, 450 വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവ്, 3000 രൂപ പിഴ, 427 വകുപ്പ് പ്രകാരം ഒരു മാസം തടവ്, 1000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി അബ്ദുല്‍ ഗഫൂര്‍ ഹാജരായി.
പുറത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പണ്ടാഴിയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥിയായാണ് ഹംസക്കോയ വിജയിച്ചത്. ഇതേ വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് ആക്രമണത്തിനിരയായ മുസ്തഫയായിരുന്നു. മുസ്‌ലിംലീഗും മല്‍സരിച്ച വാര്‍ഡില്‍ 375 വോട്ടുകള്‍ക്കായിരുന്നു ഹംസക്കോയയുടെ ജയം.
Next Story

RELATED STORIES

Share it