എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിയ ശേഷം ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമം

വടകര: കുറ്റിയാടി ടൗണില്‍ യുവാവിനെ കടയ്ക്കുള്ളില്‍ കയറി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം. സമീപത്തെ കടയുടമയ്ക്കും ജീവനക്കാരനും ബോംബേറില്‍ സാരമായി പരിക്കേറ്റു.
കുറ്റിയാടി-വടകര റോഡിലെ ഫാത്തിമ പര്‍ദ ഷോപ്പ് ഉടമയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ കുറ്റിയാടി ചെറിയകുമ്പളം രയരോത്ത് വീട്ടില്‍ ആര്‍ എം നിസാറി(39)നെയാണ് രണ്ട് ബൈക്കുകളിലായെത്തിയ സംഘം കടയ്ക്കുള്ളില്‍ കയറി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെ 9.50നായിരുന്നു സംഭവം. യുവാവ് മരണപ്പെട്ടെന്നു കരുതി പുറത്തിറങ്ങിയ അക്രമികള്‍ കടയ്ക്കുനേരെ ഉഗ്രശേഷിയുള്ള ബോംബ് എറിഞ്ഞ് ഭീതിപരത്തി. ബോംബേറില്‍ നിസാറിനെ കൂടാതെ സമീപത്തെ ഫാന്‍സി കടയുടമ അടുക്കത്ത് പൂനേരി കുഞ്ഞബ്ദുല്ല (55), ഫാന്‍സി കടയിലെ ജീവനക്കാരന്‍ പിലാക്കച്ചാലില്‍ മുഹമ്മദ്(40) എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.
അക്രമികള്‍ സിപിഎമ്മുകാരാണെന്നാണു സൂചന. പ്രതികളെക്കുറിച്ച് പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിസാര്‍ അപകടനില തരണംചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാല്‍, 48 മണിക്കൂര്‍ കഴിഞ്ഞശേഷമേ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കാനാവൂവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. നിസാറിന്റെ തലയ്ക്കു പിന്നിലും വാരിയെല്ലിനും കാലിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ചെവിയിലൂടെ ബോംബിന്റെ ചീളുകള്‍ തലച്ചോറിലേക്കും മറ്റും തുളച്ചുകയറിയതിനാല്‍ ഗുരുതരമായ ആന്തരിക രക്തസ്രാവം സംഭവിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുഞ്ഞബ്ദുല്ലയ്ക്കും മുഹമ്മദിനും ബോംബേറിലാണ് പരിക്കുപറ്റിയത്. കുഞ്ഞബ്ദുല്ലയുടെ വയറ്റിലും മുഖത്തും ബോംബിന്റെ അവശിഷ്ടങ്ങള്‍ തുളഞ്ഞുകയറി. മുഹമ്മദിന്റെ ശരീരഭാഗങ്ങളില്‍ മുറിവേറ്റതോടൊപ്പം മുഖത്ത് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
14 വര്‍ഷം മുമ്പ് നടന്ന കല്ലാച്ചി ബിനു വധക്കേസില്‍ നിസാര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഇദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ച് കുറ്റവിമുക്തനാക്കി. നിസാറിനെ വകവരുത്താന്‍ പല ഘട്ടങ്ങളില്‍ സിപിഎം ശ്രമിച്ചതായി രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ആഹ്വാന പ്രകാരം കുറ്റിയാടിയില്‍ ഇന്നലെ വൈകീട്ട് 6 വരെ ഹര്‍ത്താല്‍ ആചരിച്ചു. ജില്ലാ റൂറല്‍ പോലിസ് മേധാവി പി എച്ച് അഷ്‌റഫലി, നാദാപുരം ഡിവൈഎസ്പി പ്രേംദാസ്, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കുറ്റിയാടി സിഐക്കാണ് അന്വേഷണച്ചുമതല.
Next Story

RELATED STORIES

Share it