kozhikode local

എസ്ഡിപിഐ പ്രതിഷേധം ശക്തമാക്കും

വടകര : കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ കേരളത്തില്‍ ഭരിച്ച ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ കെടുകാര്യസ്ഥതയെ തുറന്ന് കാട്ടുന്നതോടൊപ്പം പ്രദേശവാസികളുടെ ജീവന്‍ നിലനിര്‍ത്തുന്ന ഈ ഗുരുതര പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്ന് മുനിസിപ്പല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
കടല്‍ ഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. സ്ഥലം എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എ സികെ നാണു എന്നിവര്‍ തിരിഞ്ഞു നോക്കാത്തതാണ് ജനങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് വഴി വെച്ചത്.
പല തവണ ഈ ആവശ്യമുന്നയിച്ച് എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു ഇടപെടലും ആരും നടത്തിയിട്ടില്ല. മാത്രമല്ല ഈ ആവശ്യമുന്നയിച്ച് എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ച് നടക്കുന്ന സമയത്ത് മൂന്ന് മാസം കൊണ്ട് കടല്‍ഭിത്തി നിര്‍മ്മിക്കും എന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ജനങ്ങളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഭരിച്ച യുഡിഎഫ് സര്‍ക്കാരോ ഇന്ന് ഭരിക്കുന്ന ഇടത് സര്‍ക്കാരോ പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടില്ല. മാത്രമല്ല പല തവണ പദ്ധതിക്ക് ഫണ്ട് പാസായിട്ടുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് രണ്ട് പാര്‍ട്ടിയും ചെയ്തത്. ഈ വിഷയങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് ജനങ്ങളെ അണിനിരത്തി എസ്ഡിപിഐ സമരരംഗത്തിറങ്ങുന്നതെന്നും കമ്മിറ്റി അറിയിച്ചു.
യോഗത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റ് പിഎസ് ഹഖീം അധ്യക്ഷത വഹിച്ചു. മണ്ഡലം ജോ.സെക്രട്ടറി കെവിപി ഷാജഹാന്‍, സെക്രട്ടറി സിദ്ധീഖ് പുത്തൂര്, ട്രഷറര്‍ കെപി ഷമീര്‍, കെപി മഷ്ഹൂദ് സംസാരിച്ചു.
Next Story

RELATED STORIES

Share it