എസ്ഡിപിഐ ദേശീയ കാംപയിന് ഇന്നു തുടക്കം

തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭരണകൂട ഫാഷിസത്തിനെതിരേ എസ്ഡിപിഐ ഇന്നുമുതല്‍ 31 വരെ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകീട്ട് മൂന്നിന് കോഴിക്കോട്ടു നടക്കും. കെ പി കേശവമേനോന്‍ ഹാളില്‍ ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യവ്യാപകമായി നടക്കുന്ന പിന്നാക്ക- ദലിത് പീഡനങ്ങളിലും കൊലപാതകങ്ങളിലും അരക്ഷിതത്വത്തിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ചാണ് കാംപയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. കാംപയിന്റെ ഭാഗമായി സംസ്ഥാനത്ത് പഞ്ചായത്ത് പദയാത്രകള്‍, മണ്ഡലതല വാഹനജാഥ, നാട്ടുകൂട്ടം, തെരുവുനാടകം, നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടെ നിരവധി ബോധന പരിപാടികളും സംഘടിപ്പിക്കും. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും പുരോഗമനവാദികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിക്കുക എന്ന ആവശ്യമുന്നയിച്ച് മൂന്ന് മേഖലാ റാലികളും ബഹുജന സമ്മേളനവും സംഘടിപ്പിക്കും. 26ന് കൊടുങ്ങല്ലൂര്‍, 28ന് കാസര്‍കോട്, 30ന് ആലപ്പുഴ എന്നിങ്ങനെയാണ് മേഖലാ റാലി നടത്തുക. വിവിധ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും മേഖലാ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, കര്‍ഷകവിരുദ്ധ നിയമങ്ങള്‍, ഉദാരമായ വിദേശനിക്ഷേപങ്ങള്‍, ഇസ്രായേലുമായുള്ള അവിശുദ്ധ സൈനിക- സാമ്പത്തിക സഖ്യം തുടങ്ങിയ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സമ്പൂര്‍ണ ദുരിതത്തിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുകയാണെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. മൗനം പാലിക്കുകയും ഭയന്ന് മുട്ടിലിഴയുകയും ചെയ്യുന്നത് കുറ്റവാളികള്‍ക്ക് ഭീകരതയും വിനാശവും അഴിച്ചുവിടുന്നതിനും രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട് നശിപ്പിക്കുന്നതിനും സഹായകരമാവുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മായില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ ഇബ്രാഹീംകുഞ്ഞ്, നിസാമുദ്ദീന്‍ തച്ചോണം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it