എസ്ഡിപിഐ-എസ്പി സഖ്യം: മുലായവും അഖിലേഷും എത്തും

കോഴിക്കോട്: ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കും ബിജെപിക്കും ബദലായി ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും സമാജ്‌വാദി പാര്‍ട്ടിയും തീരുമാനിച്ചു. എസ്ഡിപിഐ-എസ്പി സഖ്യം എന്ന പേരിലാണു മല്‍സരിക്കുക. ബദല്‍ രാഷ്ട്രീയത്തിനു നേതൃത്വം നല്‍കാന്‍ സമാനമനസ്‌കരായ വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പലരും സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചതിനാല്‍ സഖ്യനീക്കം വിജയിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം തുടര്‍ചര്‍ച്ചകള്‍ നടത്തി യോജിച്ച മുന്നേറ്റത്തിനു ശ്രമിക്കുമെന്ന് എസ്ഡിപിഐ-എസ്പി നേതാക്കള്‍ അറിയിച്ചു.
ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരേ ദേശീയതലത്തില്‍ ശക്തമായ പ്രതിരോധമുയര്‍ത്തുന്ന സമാജ്‌വാദി പാര്‍ട്ടിയും പാര്‍ശ്വവല്‍കൃത ജനതയുടെ രാഷ്ട്രീയാധികാരം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന എസ്ഡിപിഐയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ വിമോചനശ്രമങ്ങള്‍ക്ക് കരുത്തുപകരും. സര്‍ക്കാരിനെതിരേ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ഇടതുമുന്നണി സ്വീകരിച്ച സമീപനം സംശയാസ്പദമായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതത്തെ സാരമായി ബാധിച്ചപ്പോഴും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷത്തിനു സാധിച്ചില്ല.
തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ക്കപ്പുറം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞില്ല. ഇവര്‍ക്കെതിരേയുള്ള ജനപക്ഷ ബദലാണ് എസ്ഡിപിഐ-എസ്പി സഖ്യം. സാധാരണക്കാരുടെ പ്രതീക്ഷയും ആവേശവുമായി സഖ്യം മാറും. ദേശീയനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് എസ്ഡിപിഐയുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന് എസ്പി നേതാക്കള്‍ വ്യക്തമാക്കി.
95 നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, എസ്പി ദേശീയ സെക്രട്ടറിയും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ജോ ആന്റണി, എസ്പി സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പന്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ ഹമീദ്, എസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുകേഷന്‍ നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it