എസ്ഡിപിഐ-എസ്പി സഖ്യം മതനിരപേക്ഷ ദേശീയതയ്ക്ക്

കോഴിക്കോട്: മതനിരപേക്ഷ ദേശീയത യാഥാര്‍ഥ്യമാക്കാനാണ് എസ്ഡിപിഐ-എസ്പി സഖ്യമെന്ന് എസ്ഡിപിഐ മുന്‍ ദേശീയ അധ്യക്ഷനും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ഇ അബൂബക്കര്‍. കോഴിക്കോട്ട് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് രണ്ടുതരം ദേശീയതയുണ്ട്. മതാന്ധതയുടെ ആര്‍എസ്എസ് ദേശീയതയും മതനിരപേക്ഷതയുടെ ജനങ്ങളുടെ ദേശീയതയും. ഇതില്‍ രണ്ടാമത്തേതാണ് നാം ആദ്യം മുതല്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍, ഇന്ന് ദേശീയതയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കുകയാണ്. ഈ നിര്‍വചനക്കാരെയും നിര്‍വചനത്തെയും തുരത്തുന്നതിനു വേണ്ടിയാണ് എസ്ഡിപിഐ-എസ്പി സഖ്യം യാഥാര്‍ഥ്യമായിട്ടുള്ളതെന്നും അത് ഇന്ത്യാ രാജ്യത്തു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അക്രമങ്ങള്‍ പടരുമ്പോള്‍ മോദി കാണിച്ച മൗനം അക്രമത്തിനുള്ള മൗനാനുവാദമായിരുന്നു. ദലിതരും മുസ്‌ലിംകളും ഒരുമിച്ച് സമരമുഖത്ത് ഉണ്ടാവാന്‍ പാടില്ലെന്നാണ് സവര്‍ണരുടെ താല്‍പര്യം. ഒന്നുകില്‍ തങ്ങളുടെ ഓരം ചേര്‍ന്നു ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശമാണ് രോഹിത് വെമുലയ്ക്കും സമൂഹത്തിനും ആര്‍എസ്എസ് നല്‍കിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംകളുമായി സഹകരിക്കുന്ന ഒരുവിഭാഗം ഉണ്ടാവാന്‍ പാടില്ലെന്ന ചിന്തയുമായി നടക്കുന്നവര്‍ ഇന്ന് സലഫി, സൂഫി എന്നിങ്ങനെ മുസ്‌ലിംകള്‍ക്കിടയിലും ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.
ഭാരത്മാതാ കീ ജയ് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ മയക്കിക്കിടത്തി രാജ്യത്തെ മിലിറ്ററി ബേസുകള്‍ അമേരിക്കയ്ക്ക് ഉപയോഗിക്കാ ന്‍ അവസരമൊരുക്കുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. പരമ പൂജ്യനീയരായ ബിജെപിയും പരമപൂജ്യമായ വെള്ളാപ്പള്ളിയും ചേര്‍ന്നാല്‍ വലിയൊരു പൂജ്യമേ ഉണ്ടാവൂ. ബിജെപിയെ മാറ്റിനിര്‍ത്തുന്നതിന് ഇടതു-വലതു മുന്നണികള്‍ യോജിക്കാന്‍ തയ്യാറുണ്ടെങ്കില്‍ എസ്ഡിപിഐ-എസ്പി സഖ്യം അവരോടു സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്പി ദേശീയ സെക്രട്ടറി ജോ ആന്റണി ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ്, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ ഹമീദ്, എസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് സുകേശന്‍ നായര്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ മജീദ്, എസ്പി ജില്ലാ പ്രസിഡന്റ് സാബു കക്കട്ടില്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സലീം കാരാടി സംസാരിച്ചു.
Next Story

RELATED STORIES

Share it