എസ്ഡിപിഐ ഉത്തര മേഖലാ റാലി 28ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയഭീകരതയ്‌ക്കെതിരേയും അസഹിഷ്ണുതയ്‌ക്കെതിരേയും ജാഗ്രതപുലര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് കാസര്‍കോട്ട് റാലി നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് മുന്നിന് തളങ്കരയില്‍നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി അണങ്കൂരിലെ സൈനുല്‍ ആബിദീന്‍ നഗറില്‍ സമാപിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് തിരഞ്ഞെടുത്ത പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും.
പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡോ. മെഹബൂബ് ശരീഫ് ആവാദ്, ദേശീയ സമിതി അംഗം അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, സെക്രട്ടറി എ കെ മജീദ്, സെക്രട്ടേറിയറ്റംഗം നാസറുദ്ദീന്‍ എളമരം, സംസ്ഥാന സമിതി അംഗങ്ങളായ ഹാരിസ് വടകര, എ എസ് സൈനബ, ടി കെ കെ ഫൈസി, കെ കെ അബ്ദുല്‍ജബ്ബാര്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്‌രിയ സംബന്ധിക്കും.
കേന്ദ്രഭരണം ലഭിച്ചതോടെ ഹിന്ദുത്വപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് രണോല്‍സുകമായി മാറിയിരിക്കുകയാണ്. മതന്യൂനപക്ഷ വിഭാഗങ്ങളെയും ദലിതുകളെയും വംശീയവെറിപൂണ്ട് നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭരണഘടനാതത്ത്വങ്ങള്‍പോലും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് എസ്ഡിപിഐ സംസ്ഥാനത്ത് മൂന്ന് മേഖലാ റാലികള്‍ നടത്തുന്നത്. റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും നാസറുദ്ദീന്‍ എളമരം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് വടകര, എസ്ഡിപിഐ സംസ്ഥാനസമിതി അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it