എസ്എസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച: സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ കംപയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 2 പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം സിബിഐ അന്വേഷിക്കും.
ഫെബ്രുവരി 17 മുതല്‍ 21 വരെ നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് ആരോപിച്ച് 6 ദിവസമായി എസ്എസ്‌സി ആസ്ഥാനത്തിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തി വന്ന സമരത്തെ തുടര്‍ന്നാണ് തീരുമാനം.  ഉദ്യോഗാര്‍ഥികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരക്കാര്‍ പ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരോപണം സിബിഐ അന്വേഷിക്കുമെന്ന്  പ്രധാനമന്ത്രിയുടെ ഓഫിസിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങും ഇന്നലെ വ്യക്തമാക്കി. വിഷയം ഇന്നലെ ശശി തരൂര്‍ എംപിയടക്കം പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു.
അതേസമയം, അന്വേഷണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാവാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. പരീക്ഷയില്‍ നടന്നത് വ്യാപക തട്ടിപ്പാണ് അതിനാല്‍, അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പാക്കേണ്ടതിനാല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ സമരം പിന്‍വലിക്കൂ എന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.
ഡല്‍ഹി സെന്ററിനു കീഴില്‍ ഫെബ്രുവരി 17ന് നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷാ കേന്ദ്രത്തിന്റെ ശുചിമുറിയിന്‍ നിന്ന് ഉത്തരങ്ങള്‍ രേഖപ്പെടുത്തിയ പേപ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഭോപാലിലെ പരീക്ഷാ കേന്ദ്രത്തിലും ഇത്തരത്തില്‍ ഉത്തരങ്ങള്‍ നേരത്തെ അടയാളപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. 190000 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയിരുന്നത്.
ക്രമക്കേട് മധ്യപ്രദേശിലെ വ്യാപം അഴിമതിക്ക് സമാനമാണെന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷം രംഗത്തെത്തിയതും ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ബഹുജന പിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് അന്വേഷണം സിബിഐയെ ഏല്‍പിച്ചത്.
Next Story

RELATED STORIES

Share it