എസ്എസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച: സമരം ശക്തമാവുന്നു

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തിയ കംബയിന്റ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സ മരം ശക്തമാവുന്നു. സമരം 5 ദിവസം പിന്നിട്ടതോടെ രാഷ്ട്രീയ പൊതുസമൂഹത്തിന്റെയും പിന്തുണയും സമരത്തിന് ഏറിവരികയാണ്. സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എസ്എസ്‌സി ആസ്ഥാനത്തിനു മുമ്പില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ആരംഭിച്ചത്.
ഫെബ്രുരി 7നും 21നും ഇടയ്ക്കു നടന്ന കംബയിന്റ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 2 പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് ആരോപണം. തിരിമറി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ഡല്‍ഹി സെന്ററിനു കീഴിലെ പരീക്ഷയുടെ സെക്കന്‍ഡ് ഷിഫ്റ്റ് നേരത്തെ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്കിടെ ചില ചോദ്യങ്ങള്‍ അടയാളപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു നടപടി.
അതേസമയം ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി അന്ന ഹസാരെ ഇന്നലെ പ്രതിഷേധക്കാരെ സന്ദര്‍ശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുംവരെ സമാധാന പാതയില്‍ ഊന്നിക്കൊണ്ട് പ്രതിഷേധം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി, എഎപി, എസ്എഫ്‌ഐ എന്നീ സംഘടനകളും പ്രതിഷേധത്തിനു പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്ന സംഭവത്തില്‍ കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുമായി സംസാരിച്ച ശേഷം ട്വിറ്ററിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. അതേസമയം സംഭവം മറ്റൊരു വ്യാപം അഴിമതിയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് ഡല്‍ഹി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. സംഭവം ഗൗരവമായി കാണണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തെ മനുഷ്യത്വപരമായി സമീപിക്കുമെന്നും ഉദ്യോഗാര്‍ഥികളുടെ ആശങ്ക ബന്ധപ്പെട്ട മന്ത്രാലയത്തെ ബോധിപ്പിക്കുമെന്നും സമരക്കാരെ സന്ദര്‍ശിച്ച ബിജെപി ഡല്‍ഹി ചീഫ് മനോജ് തിവാരി വ്യക്തമാക്കി. ഇതിനിടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി രാജസ്ഥാനില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളും എത്തിത്തുടങ്ങി.
Next Story

RELATED STORIES

Share it