Flash News

എസ്എസ്എല്‍സി : 95.98 ശതമാനം വിജയം



തിരുവനന്തപുരം: 2016-17 വര്‍ഷത്തെ എസ്എസ്എല്‍സി ഫലം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സിലബസ് പരിഷ്‌കരണത്തിനുശേഷം ആദ്യമായി നടത്തിയ പരീക്ഷയില്‍ 95.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,55,553 വിദ്യാര്‍ഥികളില്‍ 4,37,156 പേര്‍ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 20,967 പേര്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി. കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലാണ് (98.82). കുറവ് വയനാട് ജില്ലയില്‍ (89.65). കോട്ടയം (98.21), ആലപ്പുഴ (98.02), തൃശൂര്‍ (97.24), കണ്ണൂര്‍ (97.08), ഇടുക്കി (96.97), തിരുവനന്തപുരം (96.39), എറണാകുളം (96.25), കൊല്ലം (96.9), കാസര്‍കോട് (94.77), മലപ്പുറം (95.53), കോഴിക്കോട് (94.9), പാലക്കാട് (93.63) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വിജയശതമാനം. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി(99.36)യും കുറവ് വയനാടും (89.65) ആണ്. ഗള്‍ഫ് വിദ്യാര്‍ഥികളില്‍നിന്ന് 98.64 ശതമാനവും ലക്ഷദ്വീപ് വിദ്യാര്‍ഥികളില്‍ 75.85 ശതമാനം പേരും ഉപരിപഠന യോഗ്യത നേടി. പട്ടികജാതി വിഭാഗത്തില്‍നിന്ന് 42,980 പേരും പട്ടികവര്‍ഗത്തില്‍ 6,981 പേരും പിന്നാക്കവിഭാഗത്തില്‍നിന്ന് 2,91,765 പേരും ഉപരിപഠന യോഗ്യത നേടി. ഗള്‍ഫ് വിദ്യാര്‍ഥികളില്‍ 508 പേരും ലക്ഷദ്വീപ് വിദ്യാര്‍ഥികളില്‍ 801 പേരുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. എസ്എസ്എല്‍സി (എച്ച്‌ഐ) വിഭാഗത്തില്‍ 294 പേര്‍ (98.98%) ഉപരിപഠനത്തിന് യോഗ്യത നേടി. ടിഎച്ച്എസ്എസ്എല്‍സിയില്‍ 3,321 (98.83%) പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 114 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ടിഎച്ച്എസ്എസ്എല്‍സി (എച്ച്‌ഐ) പരീക്ഷയില്‍ 16 പേരില്‍ 12 (75%) പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എഎച്ച്എസ്എല്‍സി പരീക്ഷയില്‍ 67 പേര്‍ (83.75%) ഉപരിപഠനത്തിന് യോഗ്യത നേടി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു തലം വരെയുള്ള ചോദ്യപേപ്പര്‍ സര്‍ക്കാര്‍ തന്നെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണയും മോഡറേഷന്‍ നല്‍കിയില്ല. ഇത്തവണ 85,878 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചു. കഴിഞ്ഞതവണ 76,126 ആയിരുന്നു.
Next Story

RELATED STORIES

Share it