Kerala

എസ്എസ്എല്‍സി വിജയം 96.59%: വിജയശതമാനം കൂടുതല്‍ പത്തനംതിട്ട-99.04; കുറവ് വയനാട്-92.3

തിരുവനന്തപുരം: 2015-16ലെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 4,73,803 വിദ്യാര്‍ഥികളില്‍ 4,57,654 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 96.59 ശതമാനമാണു വിജയം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണു വാര്‍ത്താസമ്മേളനത്തില്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പരീക്ഷാ ബോര്‍ഡ് തീരുമാനപ്രകാരം ഇത്തവണ എസ്എസ്എല്‍സിക്ക് മോഡറേഷന്‍ നല്‍കിയിരുന്നില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വിജയശതമാനം കൂടിയ റവന്യൂ ജില്ല പത്തനംതിട്ടയാണ്- 99.04 ശതമാനം. കുറവ് വയനാടാണ്- 92.3 ശതമാനം.
വിദ്യാഭ്യാസ ജില്ലകളില്‍ മൂവാറ്റുപുഴയിലാണ് (99.44) വിജയശതമാനം കൂടുതല്‍. 92.3 ശതമാനം മാത്രം വിജയം നേടിയ വയനാടാണ് പിന്നില്‍. പത്തനംതിട്ട-99.035, ആലപ്പുഴ- 98.725, എറണാകുളം- 97.97, കോട്ടയം- 97.85, കണ്ണൂര്‍- 97.56, കൊല്ലം- 97.31, തൃശൂര്‍- 97.18, ഇടുക്കി- 97.14, കോഴിക്കോട്- 96.7, തിരുവനന്തപുരം- 96.62, മലപ്പുറം- 95.83, കാസര്‍കോട്- 94.8, പാലക്കാട്- 93.98 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ വിജയശതമാനം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉന്നത പഠനത്തിന് അര്‍ഹരാക്കി 1,207 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. 22,879 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കിയതില്‍ 5,688 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 13,660 എണ്ണം എയ്ഡഡ് സ്‌കൂളുകളും 3,531 എണ്ണം അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ്. എല്ലാ വിഷയങ്ങള്‍ക്കും കൂടുതല്‍ എ പ്ലസ് നേടിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 49,081 പേര്‍ എല്ലാ വിഷയത്തിനും എ ഗ്രേഡും 86,988 പേര്‍ ബി പ്ലസ് ഗ്രേഡും 1,40,739 പേര്‍ ബി ഗ്രേഡും നേടി. പ്രൈവറ്റ് വിഭാഗത്തില്‍ പഴയ സ്‌കീമില്‍ 446 പേര്‍ പരീക്ഷയെഴുതിയതില്‍ 259 പേരും പുതിയ സ്‌കീമില്‍ പരീക്ഷയെഴുതിയതില്‍ 1,223 പേരും ഉന്നതപഠനത്തിന് അര്‍ഹതനേടി.
പട്ടികജാതി വിഭാഗത്തില്‍ 93.09 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 84.37 ശതമാനവും ഒബിസിയില്‍ 96.81 ശതമാനവുമാണു വിജയം. പട്ടികജാതിയില്‍ 3,644 പേര്‍ക്കും പട്ടികവര്‍ഗത്തില്‍ 1,497 പേര്‍ക്കും ഒബിസിയില്‍ 10,470 പേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
Next Story

RELATED STORIES

Share it