Kerala

എസ്എസ്എല്‍സി മൂല്യനിര്‍ണയം അവസാനിച്ചു; ഫലം 25നു ശേഷം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം അവസാനിച്ചു. പരീക്ഷയുടെ പഴയ സ്‌കീമിന്റെയും തമിഴ്, ഉര്‍ദു എന്നിവയുടെയും മൂല്യനിര്‍ണയം വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് ഇന്നലെ പൂര്‍ത്തിയായത്.
ഈമാസം 25നു ശേഷം ഫലപ്രഖ്യാപനം നടത്താനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പരീക്ഷാ സെക്രട്ടറി കെ എസ് ലാല്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ 25നു പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലം വിലയിരുത്തി അന്തിമ അംഗീകാരം നല്‍കും. ഈവര്‍ഷത്തെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 54 ക്യാംപുകളിലായാണു മൂല്യനിര്‍ണയം നടത്തിയത്. കഴിഞ്ഞവര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ വ്യാപകമായ പിഴവുകളുണ്ടായ പശ്ചാത്തലത്തില്‍ കര്‍ക്കശമായ തരത്തിലായിരുന്നു ഇത്തവണത്തെ മൂല്യനിര്‍ണയം. മൂല്യനിര്‍ണയം പൂര്‍ത്തിയായി പരീക്ഷാഭവനിലേക്കയച്ച മാര്‍ക്ക്‌ലിസ്റ്റുകളില്‍ കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുന്ന ജോലികളാണു ബാക്കിയുള്ളത്. ഫലം കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുന്നതിനു മുന്നോടിയായി ഗ്രേസ്മാര്‍ക്കും ഐടി പരീക്ഷയുടെ മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന്റെയും മാര്‍ക്കുകള്‍ ക്രോഡീകരിക്കണം. കഴിഞ്ഞതവണ ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ത്തതിലാണു വ്യാപകമായ പാകപ്പിഴയുണ്ടായത്.
പരീക്ഷാഭവനിലെ നടപടികള്‍ കരുതലോടെ വേണമെന്ന നിര്‍ദേശമാണു പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നല്‍കിയിട്ടുള്ളത്. ഫലം ഒരിക്കല്‍ക്കൂടി വിലയിരുത്തി തെറ്റില്ലെന്നു ബോധ്യപ്പെട്ടശേഷമായിരിക്കും സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യുക. മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്നുള്ള വിവരങ്ങള്‍ കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുന്ന ജോലി 18നു പൂര്‍ത്തിയാവും.
ചോദ്യങ്ങളിലെ പിഴവിന്റെ പേരില്‍ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഇത്തവണ ഉദാരസമീപനം സ്വീകരിക്കേണ്ടതില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. അതിനാല്‍, വിജയശതമാനം കഴിഞ്ഞതവണത്തേതില്‍ നിന്നു കുറയാനാണു സാധ്യത. ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ 90 ശതമാനം ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തിയതായി ഡയറക്ടര്‍ അറിയിച്ചു. ഇരട്ട മൂല്യനിര്‍ണയമാണ് ഇനി ശേഷിക്കുന്നത്. മൂല്യനിര്‍ണയം 19ന് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് അഞ്ചിനു ശേഷം ഫലം പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. വിഎച്ച്എസ്ഇ മൂല്യനിര്‍ണയം 25ന് അവസാനിക്കും.
Next Story

RELATED STORIES

Share it