എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കു തുടക്കമായി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് തുടക്കമായി. മൂന്നു വിഭാഗത്തിലുമായി 14.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി വിഭാഗത്തില്‍ ഇന്നലെ നടന്ന മലയാളം പരീക്ഷ എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ശരാശരി നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുപോലും നന്നായി എഴുതാന്‍ കഴിയുന്ന രീതിയിലായിരുന്നു ചോദ്യങ്ങളെന്ന് അധ്യാപകരും വ്യക്തമാക്കി.
ഇംഗ്ലീഷ് പരീക്ഷയാണ് ഇന്ന്. സംസ്ഥാനത്ത് 4,76,877 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. റഗുലര്‍ വിഭാഗത്തില്‍ 4,74,286 ഉം പ്രൈവറ്റായി 2591 പേരും പരീക്ഷ എഴുതുന്നു. പുതിയ സ്‌കീം വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 23ന് ജീവശാസ്ത്രം പരീക്ഷയോടെ അവസാനിക്കും. എന്നാല്‍, പഴയ സ്‌കീം വിദ്യാര്‍ഥികള്‍ക്ക് 28ന് ഐടി പരീക്ഷ നടക്കും. ഏപ്രില്‍ ഒന്നുമുതല്‍ 16വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. ഏപ്രില്‍ 25നകം ഫലം പ്രഖ്യാപിക്കും.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്നത് 9,33,050 വിദ്യാര്‍ഥികളാണ്. പരീക്ഷ 29ന് അവസാനിക്കും. കേരളത്തിനു പുറമെ ഗള്‍ഫിലും ലക്ഷദ്വീപിലും മാഹിയിലുമായി 2,500ഓളം പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷ 4,72,307 പേരും രണ്ടാംവര്‍ഷ പരീക്ഷ 4,60,743 പേരുമാണ് എഴുതുന്നത്. രണ്ടാംവര്‍ഷ വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത് 28,750 വിദ്യാര്‍ഥികളാണ്. ഇന്ന് തുടങ്ങുന്ന ഒന്നാംവര്‍ഷ പരീക്ഷ എഴുതാന്‍ 31,400 വിദ്യാര്‍ഥികളുമുണ്ടാവും. ഏപ്രില്‍ നാലിനാണ് ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം തുടങ്ങുക. മെയില്‍ ഫലം പ്രഖ്യാപിക്കും.
Next Story

RELATED STORIES

Share it