Flash News

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍:  കേരളത്തിലും പുറത്തുമായി 2,903 പരീക്ഷാകേന്ദ്രങ്ങള്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍:  കേരളത്തിലും പുറത്തുമായി 2,903 പരീക്ഷാകേന്ദ്രങ്ങള്‍
X
sslc

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍ 28 വരെ നടക്കും. 4,76,373 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുക. റഗുലര്‍ വിഭാഗത്തില്‍ 4,74,267 പേരും പ്രൈവറ്റ് വിഭാഗത്തില്‍ 2,106 പേരും. 484 വിദ്യാര്‍ഥികള്‍ പഴയ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
3,038 വിദ്യാലയങ്ങളിലായി 2,903 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷാര്‍ഥികളില്‍ 2,33,034 പേര്‍ പെണ്‍കുട്ടികളും 2,41,233 പേര്‍ ആണ്‍കുട്ടികളുമാണ്. റഗുലറില്‍ 4,72,921 പേര്‍ കേരളത്തിലും 583 പേര്‍ ഗള്‍ഫിലും 813 പേര്‍ ലക്ഷദ്വീപിലും പരീക്ഷയെഴുതും. 3,20,854 പേര്‍ മലയാളം മീഡിയത്തിലും 1,48,115 പേര്‍ ഇംഗ്ലീഷിലും 3,135 പേര്‍ കന്നഡയിലും 2,163 പേര്‍ തമിഴ് മീഡിയത്തിലും പരീക്ഷയെഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന റവന്യൂ ജില്ല മലപ്പുറമാണ്- 83,315. കുറവ് പത്തനംതിട്ടയിലും- 12,451. കൂടുതല്‍പേര്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസജില്ലയും മലപ്പുറം തന്നെ- 28,052. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ല- 2428. എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയ്ക്കിരിക്കുന്നത്- 2347 പേര്‍. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസില്‍ 1,647ഉം ചേറൂര്‍ പിപിടിഎംവൈഎച്ച്എസില്‍ 1,414ഉം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസില്‍ 1,077ഉം പേര്‍ പരീക്ഷയെഴുതും. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് പെരിഞ്ചാന്‍കുട്ടി ഗവ. ഹൈസ്‌കൂളിലും ബേപ്പൂര്‍ ജിആര്‍എഫ്ടിഎച്ച്എസ് ആന്റ് വിഎച്ച്എസ്എസിലുമാണ്- മൂന്നുപേര്‍ വീതം.
ചോദ്യപേപ്പറുകള്‍ ഇന്നുമുതല്‍ 28 വരെയുള്ള തിയ്യതികളിലായി എത്തും. മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ ഇവ ക്ലസ്റ്റര്‍ ക്രമത്തില്‍ തരംതിരിച്ച് ട്രഷറികളിലും ബാങ്കുകളിലും സൂക്ഷിക്കും. പരീക്ഷാദിവസം രാവിലെ ഉദ്യോഗസ്ഥര്‍ കൈപ്പറ്റി 11 മണിക്കു മുമ്പ് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാനുള്ള പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it