എസ്എസ്എല്‍സി പരീക്ഷ താളംതെറ്റും

ആബിദ്

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷ ഇത്തവണയും താളംതെറ്റുമെന്ന് ആശങ്ക. പരീക്ഷാഭവന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്എസ്എല്‍സി കാന്‍ഡിഡേറ്റ് ലിസ്റ്റില്‍ വ്യാപകമായ തെറ്റുകളാണുള്ളത്. കുട്ടികളുടെ പടങ്ങളും അഡ്മിഷന്‍ നമ്പറുകളും വരെ മാറിയിട്ടുണ്ട്.
സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ നിന്നെടുത്ത് പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലിസ്റ്റ്. ക്ലാസ് അധ്യാപകരാണ് സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ കുട്ടികളുടെ വിവരങ്ങളും പടങ്ങളും ചേര്‍ത്തിട്ടുള്ളത്. രണ്ടും മൂന്നും തവണ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ് ലിസ്റ്റെന്നും അതിനാല്‍ ലിസ്റ്റില്‍ തെറ്റുകളുണ്ടാവില്ലെന്നും അധ്യാപകര്‍ തറപ്പിച്ചുപറയുന്നു. പരീക്ഷാഭവന്‍ സോഫ്റ്റ്‌വെയറിലെ തകരാറാണ് ഇത്രയധികം തെറ്റുകള്‍ കടന്നുവരാന്‍ കാരണം. കഴിഞ്ഞ തവണയും ഇതേ സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നതെന്നും അതിലെ തകരാറാണ് 2015 എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമെല്ലാം പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമെന്നും അധ്യാപകര്‍ പറയുന്നു.
കഴിഞ്ഞ തവണ കാന്‍ഡിഡേറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകിയതും ഫലപ്രഖ്യാപനത്തില്‍ തെറ്റുകള്‍ വന്നതും വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. തോറ്റവരെ ജയിപ്പിച്ചും ജയിച്ചവരെ തോല്‍പിച്ചുമെല്ലാം വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെപോലും ബാധിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനം. ലിസ്റ്റിലെ തെറ്റുതിരുത്താന്‍ ഡിസംബര്‍ അഞ്ചുവരെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്ലാസ് അധ്യാപകരാണ് തെറ്റു തിരുത്തേണ്ടത് എന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും. പാഠപുസ്തക വിതരണം വൈകിയതും പൂര്‍ത്തിയാവാത്തതും കാരണം അര്‍ധവാര്‍ഷിക പരീക്ഷയുടെ പാഠഭാഗങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കലാ-കായിക മേളകള്‍ നടക്കുന്നതിനാല്‍ കുറേ ദിവസങ്ങള്‍ അതിനുവേണ്ടിയും നഷ്ടപ്പെടും. അതിനിടയില്‍ തെറ്റുതിരുത്തല്‍ കൂടി വന്നാല്‍ വാര്‍ഷിക പരീക്ഷയ്ക്കുപോലും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാവാത്ത അവസ്ഥ വരുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. മാത്രമല്ല, സമ്പൂര്‍ണയില്‍ നല്‍കിയ ശരിയായ വിവരം പരീക്ഷാ ഭവന്റെ സോഫ്റ്റ്‌വെയറിലെ പ്രശ്‌നം മൂലമാണ് തെറ്റായി രേഖപ്പെടുത്താനിടയാക്കിയതെന്നിരിക്കെ ഇനി വരുത്തുന്ന തെറ്റുതിരുത്തലുകള്‍ കൊണ്ടും കാര്യമായ ഫലമുണ്ടാവില്ലെന്നും ഐടി രംഗത്തുള്ളവരും പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണത്തെ അതേ അവസ്ഥ തന്നെ ഇക്കൊല്ലവും ആവര്‍ത്തിക്കും.  ഐടി അറ്റ് സ്‌കൂളും പരീക്ഷാഭവനും തമ്മിലുള്ള ശീതസമരമാണ്  പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അഭിപ്രായമുണ്ട്.
Next Story

RELATED STORIES

Share it