wayanad local

എസ്എസ്എല്‍സി പരീക്ഷ: ജില്ലയില്‍ 92.3 ശതമാനം വിജയം

കല്‍പ്പറ്റ: 2015-16 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 92.3 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.81 ശതമാനം കുറവാണിത്.
98.11 ശതമാനമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലായി 12,691 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയിരുന്നത്. ഇതില്‍ 11,714 പേര്‍ ഉന്നതപഠനത്തിന് യോഗ്യരായി. 447 പേര്‍ക്ക് മുഴവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 273 പേര്‍ക്കാണ് മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് ലഭിച്ചരുന്നത്.
2014-15 അധ്യയന വര്‍ഷത്തില്‍ വിജയശതമാനത്തില്‍ സംസ്ഥാന ശരാശരിക്കൊപ്പമായിരുന്ന ജില്ല ഇക്കുറി ഏറ്റവും പിന്നിലാണ്. പത്തനംതിട്ടയാണ് ഒന്നാം സ്ഥാനത്ത്. ആറു സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 12 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി.
ഇതില്‍ ഒരു എയ്ഡഡ് സ്‌കൂളും അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടും. 16 സര്‍ക്കാര്‍ സ്‌കൂളുകള്‍, എട്ട് എയ്ഡഡ്, അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളടക്കം 29 സ്‌കൂളുകളാണ് കഴിഞ്ഞ വര്‍ഷം നൂറു ശതമാനം വിജയം നേടിയിരുന്നത്. ജില്ലയില്‍ ഇത്തവണയും അണ്‍ എസ്ഡഡ് സ്‌കൂളുകള്‍ 100 ശതമാനം നിലനിര്‍ത്തി.
സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയ ശതമാനം 89.66ഉം എയ്ഡഡ് സ്‌കൂളുകള്‍ 95.65 ശതമാനവുമാണ്.
സര്‍ക്കാര്‍- 7,435, എയ്ഡഡ്- 4,783, അണ്‍ എയ്ഡഡ്- 473 എന്നിങ്ങനെയാണ് ഇക്കുറി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ കണക്ക്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 6,666 പേരും എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാര്‍ഥികളില്‍ യഥാക്രമം 4,575, 473 പേരുമാണ് യോഗ്യത നേടിയത്.
പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിന് 12ാം തവണയും നൂറുമേനി
പനമരം: എസ്എസ്എല്‍സി പരീക്ഷയില്‍ പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിന് ഇത്തവണയും നൂറുമേനി വിജയം. തുടര്‍ച്ചയായി 12ാം തവണയാണ് വിദ്യാലയം ഈ നേട്ടം കൈവരിക്കുന്നത്. 59 കുട്ടികളാണ് പരീക്ഷയെഴുതിയത്.
ഇതില്‍ 19 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ആകെ പരീക്ഷയെഴുതിയ കുട്ടികളുടെ 33 ശതമാനമാണിത്. കലാ-കായിക മേളകളിലും സ്‌കൂള്‍ മുന്‍പന്തിയിലാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കുകയും കോല്‍ക്കളിയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. 1989ല്‍ പനമരം ഇസ്‌ലാമിക് കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ കീഴില്‍ തുടങ്ങിയ സ്ഥാപനത്തില്‍ എല്‍കെജി മുതല്‍ 10ാം തരം വരെ 900 വിദ്യാര്‍ഥികളും 35 അധ്യാപകരും 15 അനധ്യാപകരുമുണ്ട്.
Next Story

RELATED STORIES

Share it