wayanad local

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എസ്പിസി കാഡറ്റുകള്‍ക്കും വിജയം



മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ഥികളെ കഴിവും ഉത്തരവാദിത്വ ബോധവുമുള്ള പൗരന്‍മാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പാക്കിയ സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ് പ ദ്ധതിയിലെ അംഗങ്ങള്‍ക്ക് ഇത്തവണത്തെ പത്താംതരം പരിക്ഷയില്‍ മികവാര്‍ന്ന നേട്ടം. ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ എസ്പിസി കാഡറ്റുകളും എഎസ്എല്‍സി പരീക്ഷയില്‍ വിജയിച്ച് ചരിത്രനേട്ടം കുറിച്ചു. 2010ലാണ് ജില്ലയില്‍ എസ്പിസി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. ഇന്ന് 5 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ 2 എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ 27 സ്‌കൂളുകളില്‍ എസ്പിസി സജീവമാണ്. ഇത്തവണ ജില്ലയില്‍ 710 എസ്പിസി കാഡറ്റുകള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചത് കുട്ടിപ്പോലിസിന് പൊന്‍തൂവലായി. ഇതില്‍ 36 കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആദിവാസി വിഭാഗത്തില്‍ 172 പേര്‍ പരീക്ഷ എഴുതി മുഴുവന്‍ പേരും വിജയിച്ചതും ശ്രദ്ധേയമായ നേട്ടമായി. ഇതില്‍ 11 കുട്ടികള്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസും കരസ്ഥമാക്കി. ഉന്നത വിജയം നേടിയ കാഡറ്റുകളില്‍ ഭൂരിഭാഗവും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് എന്നുള്ളതും ശ്രദ്ധേയമാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ എസ്‌സി-എസ്ടി വകുപ്പുകളുടെ ധനസഹായത്തോടെയാണ് എസ്പിസി പദ്ധതി നടപ്പാക്കി വരുന്നത്. സ്‌കൂളുകളില്‍ എസ്പിസി കാഡറ്റുകളുടെ അനുപാതം മൊത്തം വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ 15 ശതമാനം മാത്രമാണ്. കുട്ടികളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും കായികക്ഷമതയും ഉറപ്പ് വരുത്തുന്നതില്‍ എസ്പിസി വിജയിച്ചതിന്റെ ഉദാഹരണമാണ് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലമെന്നാണ് വിലയിരുത്തല്‍. വിവിധ സംഘടനകള്‍ എസ്പിസിയെ കുറിച്ച് നടത്തിയ സ്വതന്ത്ര അവലോകനങ്ങളും പഠനങ്ങളും പദ്ധതി കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും പോലിസ് സേനാംഗങ്ങളിലും ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it