kasaragod local

എസ്എസ്എല്‍സി: ജില്ലയില്‍ 94.8 ശതമാനം വിജയം; വിജയശതമാനം കുറഞ്ഞു

കാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ വിജയശതമാനത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷം 98.54 ശതമാനം കുട്ടികള്‍ വിജയിച്ചപ്പോള്‍ ഈ വര്‍ഷം 94.8 ശതമാനമാണ് വിജയം. 48 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 85 സ്‌കൂളുകളായിരുന്നു നൂറ് ശതമാനം വിജയം നേടിയത്. അതേസമയം ജില്ലയില്‍ 825 കുട്ടികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 391 കുട്ടികള്‍ക്കായിരുന്നു എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചത്.
20,758കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 19,679 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. 10595 ആണ്‍കുട്ടികളും 10163 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയൊന്നും ഇപ്രാവശ്യം ലഭിച്ചിരുന്നില്ല. ഇതാണ് വിജയശതമാനം കുറയാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം സ്‌റ്റെപ്പ് പദ്ധതിയടക്കം ജില്ലാപഞ്ചായത്തും ഡയറ്റും ആവിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം ഹലോ ടീച്ചര്‍ എന്ന ഫോണ്‍ ഇന്‍ പരിപാടി മാത്രമായിരുന്നു കുട്ടികള്‍ക്ക് സംശയനിവാരണത്തിനുണ്ടായിരുന്നത്. കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതി സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ ജാഗ്രതയോടെ ഇടപെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ജില്ലയില്‍ മികവ് പുലര്‍ത്തി.
188 കുട്ടികളെ പരീക്ഷയ്ക്കിരുത്തി മുഴുവന്‍ പേരെയും ജയിപ്പിച്ച കുട്ടമത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാംസ്ഥാനം. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ ഉപരിപഠനത്തിലേക്കെത്തിച്ചത്. 886 കുട്ടികളില്‍ 795 പേരാണ് ഇവിടെ വിജയിച്ചത് (89.73ശതമാനം). കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറിയില്‍ പരീക്ഷ എഴുതിയ 478 വിദ്യാര്‍ഥികളില്‍ 475 പേരും ഉപരിപഠനയോഗ്യത നേടി. . മഞ്ചേശ്വരം വോര്‍ക്കാടി ധര്‍മ്മനഗര്‍ മണവാട്ടി ബീവി ഇ എം സ്‌കൂളിനാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. പരീക്ഷയെഴുതിയ 26 പേരില്‍ 16 പേര്‍ മാത്രമാണ് ഇവിടെ നിന്നും ഉപരിപഠനത്തിന് അര്‍ഹതനേടിയത്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില്‍ 34 സ്‌കൂളുകള്‍ നൂറുശതമാനത്തിലെത്തി. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 14 സ്‌കൂളുകള്‍ക്കാണ് ഈ നേട്ടം സ്വന്തമാക്കാനായത്.
188 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ കുട്ടമത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നൂറുശതമാനത്തിനാണ് ഏറെ തിളക്കമുള്ളത്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 171 കുട്ടികളും ഉപരിപഠനയോഗ്യത നേടി. ചിറ്റാരിക്കാല്‍ ഉപജില്ലയിലെ വരക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയ്ക്കിരുന്ന 159 കുട്ടികളും വിജയിച്ചു. പിലിക്കോട് സി കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 144 കുട്ടികളും വിജയിച്ചു. ജിഎച്ച്എസ്.എസ് കക്കാട്ടാണ് കൂടുതല്‍ കുട്ടികളെ ഇരുത്തി നൂറുശതമാനം നേടിയ മറ്റൊരു വിദ്യാലയം. ഇവിടെ 134 കുട്ടികള്‍ വിജയിച്ചു.
നൂറുമേനിയുമായി 29 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
കാസര്‍കോട്: നൂറുമേനി ൈകവരിച്ച വിദ്യാലയങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മുന്‍തൂക്കം. ജില്ലയില്‍ 29 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നൂറുമേനി നേടിയപ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒമ്പതെണ്ണത്തിനും അണ്‍ എയ്ഡഡുകളില്‍ 19നും നൂറുശതമാനം വിജയനിരക്കിലെത്താനായി.
Next Story

RELATED STORIES

Share it