wayanad local

എസ്എസ്എല്‍സി: ഗിരിവികാസിലെ കുട്ടികള്‍ക്ക് തിളക്കമാര്‍ന്ന വിജയം

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷയെന്ന കടമ്പ കടക്കാനാവാതെ തോല്‍വിയെ തോല്‍പ്പിക്കാനുറച്ച് വീണ്ടും സധൈര്യം പരീക്ഷയെ നേരിട്ട അപ്പപ്പാറ ഗിരിവികാസിലെ കുട്ടികള്‍ നേടിയത് പത്തരമാറ്റുള്ള വിജയം.
പരീക്ഷയെഴുതിയ 30 പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ 29 പേരെയും വിജയിപ്പിച്ച് അപ്പപ്പാറ ഗിരിവികാസ് പദ്ധതി മികച്ച വിജയം നേടി. ഒരിക്കല്‍ പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഗുരുകുലം മാതൃകയില്‍ പരിശീലനം നല്‍കി വീണ്ടും പരീക്ഷയെഴുതുന്നതിനും തുടര്‍പഠനത്തിന് യോഗ്യരാക്കുന്നതിനുമായി 2015ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ ഗിരിവികാസ് പദ്ധതി ആവിഷ്‌കരിച്ചത്. പട്ടികവര്‍ഗ വികസനവകുപ്പിന്റെ സഹായത്തോടെ വയനാട് നെഹ്‌റുയുവകേന്ദ്രയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറാണ് ഗിരിവികാസിന്റെ ചെയര്‍മാന്‍. പ്രഥമ ബാച്ചില്‍ തന്നെ 97 ശതമാനം വിദ്യാര്‍ഥികളെയും വിജയിപ്പിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ഗിരിവികാസ് പ്രവര്‍ത്തകര്‍. ജില്ലയിലെ വിദൂര ആദിവാസി കോളനികളില്‍ നിന്നുള്ള ഇവര്‍ പണിയ, അടിയ, കാട്ടുനായ്ക്ക, കുറിച്യ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. വിജയിച്ചവരില്‍ 13 പേര്‍ പെണ്‍കുട്ടികളാണ്.
തിരുനെല്ലി അപ്പപ്പാറ പാര്‍സിക്കുന്നിലാണ് ഗിരിവികാസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് ഹോസ്റ്റലുകളും ക്ലാസ്മുറികളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ പരിജ്ഞാനവും തൊഴില്‍ നൈപുണി പരിശീലനവും നല്‍കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടവും പദ്ധതിക്കുണ്ട്. വിജയിച്ച കുട്ടികളെയും മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയ നെഹ്‌റുയുവകേന്ദ്രയെയും ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it