Kottayam Local

എസ്എസ്എല്‍സിയില്‍ നൂറുമേനിയോടു തൊട്ടുരുമി എരുമേലി



എരുമേലി: എസ്എസ്എല്‍സി പരീക്ഷയില്‍ എരുമേലി പഞ്ചായത്തിലുട നീളം വിജയത്തിന്റെ തിളക്കം. പഞ്ചായത്തിലെ എട്ടു ഹൈസ്‌കൂളുകളില്‍ ആറ്ു സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. മറ്റു രണ്ടു സ്‌കൂളുകളാവട്ടെ 99 ശതമാനമാണ് വിജയം നേടിയത്. പരീക്ഷയ്ക്കിടെ അപകടം മൂലം പരിക്കേറ്റതിനാല്‍ കണമല സാന്തോം ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് എഴുതാന്‍ കഴിഞ്ഞില്ല. ഇതൊഴികെ പരീക്ഷ എഴുതിയ എല്ലാവരും ഈ സ്‌കൂളില്‍ വിജയിച്ചു. തിളക്കമാര്‍ന്ന വിജയം എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിലാണ്. മൂന്നു വര്‍ഷത്തിനു ശേഷം ഇതാദ്യമായി 100മേനി വിജയം നേടിയെന്നു മാത്രമല്ല പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി ജയിച്ച സ്‌കൂളുകൂടിയായി സെന്റ് തോമസ്. അനീഷാ ഷിബു, അഷ്‌നാ കരീം, അമിനു മിസാജ് നൗഷാദ്, കീര്‍ത്തി ഗോപി, നോബിള്‍ ജോസഫ്, ടിറ്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഇവിടെ ഫുള്‍ എപ്ലസ് നേടിയപ്പോള്‍ മാതൃഭാഷയായ മലയാളത്തിന് 52 പേരാണ് എ പ്ലസ് നേടിയത്. സ്‌കൂളില്‍ നിന്നു വിരമിക്കാനിരിക്കുന്ന ഹെഡ് മാസ്റ്റര്‍ പി ടി തോമസിന്റെ കഠിനാധ്വാന മികവുകൂടിയായി 100 ശതമാനം വിജയം മാറുകയാണ്. വിജയികളെ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പിടിഎ പ്രസിഡന്റ് സുബിച്ചന്‍ മഞ്ഞാങ്കല്‍ എന്നിവര്‍ അനുമോദിച്ചു. നിര്‍ധനരും പിന്നോക്ക കുടുംബങ്ങളിലേയും ഉള്‍പ്പെടെ നിരവധി കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഇല്ലായ്മകളും പ്രതിസന്ധികളും മറികടന്നുള്ള വിജയം കൂടിയാണിത്. കിഴക്കന്‍ മേഖലയില്‍ നിന്ന് തുടര്‍ച്ചയായി 100 മേനി വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ഉമ്മിക്കുപ്പ സെന്റ് മേരീസ് സ്‌കൂള്‍. പ്രതികൂല സാഹചര്യങ്ങള്‍ താണ്ടി പമ്പയാറും മലയും കടന്ന് ഈ സ്‌കൂളിലെത്തി പഠിക്കുന്ന കുട്ടികള്‍ എല്ലാവരും തുടര്‍ച്ചയായി സമ്പൂര്‍ണ വിജയത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. പരീക്ഷയെഴുതിയ നൂറു പേരും വിജയിച്ച് വിജയശതമാനം തന്നെ നൂറാക്കി അന്വര്‍ത്ഥമാക്കിയ ചരിത്രമാണ് ഇത്തവണ സ്‌കൂള്‍ സ്വന്തമാക്കിയത്.മൂന്ന് പേര്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി. പരീക്ഷയക്കിടെ സൈക്കിള്‍ അപകടത്തില്‍പെട്ട് കാല്‍ മുട്ടിന് പരിക്കേറ്റ സെബിന് മൂന്ന് പരീക്ഷ മാത്രമേ എഴുതാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതുകൊണ്ട്  കണമല സാന്തോം ഹൈസ്‌കൂളിന് 100 ശതമാനം വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.  അഞ്ച് പേര്‍ ഫുള്‍ എപ്ലസ് നേടി. പരീക്ഷ എഴുതിയവരില്‍ 108 പേരില്‍ 107 പേര്‍ വിജയം കണ്ടു. പരീക്ഷയെഴുതിയ 51 പേരും വിജയിച്ച് കനകപ്പലം എംടി ഹൈസ്‌കൂള്‍ ഇത്തവണ നൂറ് മേനി വിജയത്തിലെത്തി. തുടര്‍ച്ചയായ നാലാം തവണ 100 ശതമാനം വിജയം ആവര്‍ത്തിച്ചിരിക്കുന്നത് സംസ്ഥാനത്തെ ഏക പട്ടിക ജാതി മാനേജ്‌മെന്റ് ഹൈസ്‌കൂളായ മുട്ടപ്പള്ളി തിരുവള്ളുവര്‍ സ്‌കൂള്‍. ഇവിടെ പരീക്ഷയെഴുതി 19പേരും വിജയിച്ചു. കഴിഞ്ഞ തവണയും നൂറ് മേനി വിജയം നേടിയ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളും ഇത്തവണയും നൂറ് മേനി നിലനിര്‍ത്തി.
Next Story

RELATED STORIES

Share it