എസ്എസ്എല്‍സിക്ക് അടുത്തവര്‍ഷം മിനിമം മാര്‍ക്കിന് ശുപാര്‍ശ; തീരുമാനം ഫലം വിലയിരുത്താന്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡിന്റേത്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇത്തവണത്തെ ഫലം വിലയിരുത്താന്‍ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗത്തിലാണു തീരുമാനം. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തവര്‍ഷം മുതല്‍ തീരുമാനം നടപ്പാവുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ അറിയിച്ചു.
ഏതെങ്കിലും വിഷയത്തില്‍ പൂജ്യം മാര്‍ക്കുള്ള വിദ്യാര്‍ഥിക്കു പോലും ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ വിജയിക്കാവുന്ന അവസ്ഥയാണു നിലവിലുള്ളത്. ഇത് തെറ്റായ കാര്യമാണ്. വിദ്യാര്‍ഥികളുടെ കഴിവിന് അനുസരിച്ച് അര്‍ഹരായവര്‍ മാത്രമാണു വിജയിക്കേണ്ടത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ല. കഴിഞ്ഞവര്‍ഷം കണക്കുപരീക്ഷയ്ക്ക് പ്രയാസമുള്ള ചോദ്യങ്ങളുള്ളതിനാലാണ് മാര്‍ക്ക് ഏകീകരിച്ചുനല്‍കിയത്. എന്നാല്‍, ഇത്തവണ മൂല്യനിര്‍ണയത്തില്‍ യാതൊരുവിധ ഔദാര്യവും നല്‍കിയിട്ടില്ലെന്നും ഡിപിഐ വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് മിനിമം മാര്‍ക്ക് തിരിച്ചുകൊണ്ടുവരണമെന്ന നിര്‍ദേശം പരീക്ഷാബോര്‍ഡ് യോഗത്തില്‍ പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ ഇത് എസ്എസ്എല്‍സി പരീക്ഷയുടെ ഗുണനിലവാരം തകരാന്‍ കാരണമാവുമെന്ന് യോഗത്തില്‍ പൊതുഅഭിപ്രായവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് എഴുത്തുപരീക്ഷകള്‍ക്ക് വിദ്യാര്‍ഥി മിനിമം മാര്‍ക്ക് വേണമെന്ന പഴയ നിബന്ധന തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലുണ്ടായ പാകപ്പിഴയില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി നാല് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി ഡിപിഐ അറിയിച്ചു. 30 മൂല്യനിര്‍ണയ ക്യാംപിലെ ഓഫിസര്‍മാരില്‍നിന്നും അഡീഷനല്‍ ക്യാംപ് ഓഫിസര്‍മാരില്‍നിന്നും വിശദീകരണവും വാങ്ങി.
അന്നത്തെ പരീക്ഷാ സെക്രട്ടറിയായിരുന്ന എം ഐ സുകുമാരനെതിരേ ചാര്‍ജ് മെമ്മോ നല്‍കി. അദ്ദേഹം ഇപ്പോള്‍ വിരമിച്ച പശ്ചാത്തലത്തിലാണ് നേരിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തത്. സിസ്റ്റം മാനേജരായിരുന്ന ബിനീത ജെബിയെ ഹയര്‍ സെക്കന്‍ഡറി വകുപ്പിലേക്കു തിരിച്ചയച്ചു. സെക്ഷന്‍ സൂപ്രണ്ടായിരുന്ന ശ്രീകലയെയും സെക്ഷന്‍ ക്ലാര്‍ക്ക് സന്തോഷിനെയും സ്ഥലംമാറ്റുകയാണു ചെയ്തത്. ഇവര്‍ക്കെതിരേ ഡിപിഐയുടെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണം തുടരുകയാണ്.
Next Story

RELATED STORIES

Share it