kozhikode local

എസ്എഫ്‌ഐ സ്റ്റേഷന്‍ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്കു പരിക്ക്

കുറ്റിയാടി: പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് നീതിയാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചിനു നേരെ  ലാത്തിച്ചാര്‍ജ്. കഴിഞ്ഞ ഫെബ്രുവരി 24ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായ കുറ്റിയാടി മഠത്തില്‍ നിയാസിന് പോലിസ് മര്‍ദനമേറ്റിരുന്നു.
കാഴ്ചക്കുറവുള്ള നിയാസിന് മര്‍ദനത്തില്‍ തോളെല്ലിന് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പോലിസ് ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതെതുടര്‍ന്നാണ് എസ്എഫ്‌ഐ കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റിയാടി പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സ്‌റ്റേഷന്‍ പരിസരത്ത് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.  പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗം രസില്‍ കായക്കൊടിക്ക് തലയ്ക്ക് പരിക്കേറ്റു. ഏരിയാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അരുണ്‍ രാജ്, കെ സി ആദര്‍ശ്, കെ സി അന്‍ഫാസ് എന്നിവര്‍ക്കും പരിക്കേറ്റു.
രസിലിനെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി സക്കീറിന്റെ മൊബൈല്‍ കാമറ കുറ്റിയാടി സിഐ എന്‍ സുനില്‍ കുമാര്‍ പിടിച്ചു വാങ്ങുകയും പോലിസുകാര്‍ മാറില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ഫോണ്‍ തിരികെ നല്‍കി. ഫോണിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സക്കീര്‍ പറഞ്ഞു.മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ ജോ. സെക്രട്ടറി അതുല്‍ദാസ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ഫിദല്‍ റോയ്‌സ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം പി ജിഷ്ണു, സി കെ അന്‍ഫാസ്, ആര്‍ സിദ്ധാര്‍ഥ് , പി എസ് അശ്വന്ത്, ശരണ്‍ റാം സംസാരിച്ചു.
Next Story

RELATED STORIES

Share it