എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത്

കൊല്ലം: എസ്എഫ്‌ഐയുടെ 31ാമത് സംസ്ഥാന സമ്മേളനം 20 മുതല്‍ 24 വരെ കൊല്ലത്ത് നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20ന് ഉച്ചയ്ക്ക് ഒന്നിന് കരുനാഗപ്പള്ളി അജയ പ്രസാദ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന കൊടിമരജാഥ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ഖദീജിത്ത് സുഹൈല ആണ് ജാഥാ ക്യാപ്റ്റന്‍. പാറശ്ശാല സജിന്‍ ഷാഹുല്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം പ്രതിന്‍സാജ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ മന്ത്രി എ കെ ബാലനും എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എസ് ആര്‍ ആര്യയുടെ നേതൃത്വത്തില്‍ ചവറ ശ്രീകുമാര്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നുള്ള ജാഥ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി വി സാനുവും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് പൊതുസമ്മേളനനഗരിയില്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തും. 21ന് രാവിലെ 10ന് കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലി ചിന്നക്കടയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് ക്യുഎസ്‌സി മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 22ന് ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി കുടുംബസംഗമം, പൂര്‍വകാല നേതൃസംഗമം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇന്ന് രാവിലെ 10ന് ജില്ലയിലെ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സംഗമം കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ എം എ ബേബി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ശ്യാം മോഹന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എക്‌സ് ഏണസ്റ്റ്, ഹരികൃഷ്ണന്‍, അരവിന്ദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it