kozhikode local

എസ്എഫ്‌ഐ മാര്‍ച്ചില്‍ അക്രമം:എട്ടുപേര്‍ക്കു പരിക്ക്

രാമനാട്ടുകര: ഭവന്‍സ് കേന്ദ്ര ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഫറോക്ക് എസ്‌ഐ, എഎസ്‌ഐ ഉള്‍പ്പടെ നാല് പോ ലിസുകാര്‍ക്കും നാലു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഭവന്‍സിലെ ലോ കോളജില്‍ ഉണ്ടായ ഫീസ് വര്‍ധനവിനെതിരേ സമരം ചെയ്ത് പുറത്താക്കപെട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഫറോക്ക് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചാണ് അക്രമാസക്തമായത്. ഫറോക്ക് എസ്‌ഐ എ രമേശ് കുമാര്‍, എഎസ്‌ഐ വിനായകന്‍, ലതീഷ്, നല്ലളം സ്റ്റേഷനിലെ റജി, എസ്എഫ്‌ഐ പ്രവര്‍ത്തകരായ മിന്‍ഷാദ് ചാലിയം(24), പ്രവീണ്‍ ഫറോക്ക് (33), മിഥുന്‍രാജ് പുളിക്കല്‍ (24), ജാബിര്‍ ചാലിയം(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്‌ഐ എ രമേശ് കുമാര്‍ എഎസ്‌ഐ വിനായകന്‍ എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീച്ച് ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്. ഇവര്‍ക്ക് കാര്യമായ പരിക്കുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെ ഭവന്‍സ് പരിസരത്ത് നിന്ന് എസ്എഫ്‌ഐ ജില്ലാസെക്രട്ടറി നിഖില്‍ ഉദ്ഘാടനം ചെയ്തു തുടങ്ങിയ മാര്‍ച്ച് ഓഫിസിനു സമീപം വച്ച് പോലിസ് തടഞ്ഞു. കണ്ണീര്‍ വാതകം പ്രയോഗിച്ചു പോലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലിസിന് നേരെ തിരിഞ്ഞു. ഇതിലാണ് എസ്‌ഐ ഉ ള്‍പ്പടെയുള്ള പോലിസുകാര്‍ക്ക് പരിക്കേറ്റത്. പോലിസ് വലയം ഭേദിച്ച് ഓഫിസിനുള്ളില്‍ കടന്ന പ്രവര്‍ത്തകര്‍ മൂന്ന് കംപ്യൂറുകള്‍, ഫോട്ടോസ്റ്റാറ്റ് മിഷ്യന്‍, ഫര്‍ണ്ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും, ഓഫിസിനകത്തെ കൗണ്ടറുകളും മറ്റും എറിഞ്ഞുടച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു. ഈ സമയം കെട്ടിടത്തിന്റെ മുകളിലെ ലോ-കോളജില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. താഴെ കേന്ദ്ര ഓഫിസിനു സമീപത്തെ ബിഎഡ് സെന്ററില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്ന ചടങ്ങായിരുന്നു. ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് ഓഫിസിനുള്ളില്‍ ഉണ്ടായിരുന്ന വനിതകള്‍   ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. എസ്്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്സെടുത്തതായി പോലിസ് അറിയിച്ചു. പോലിസ്  പ്രവര്‍ത്തകരെ അടിച്ചതില്‍ പ്രതിഷേ ധിച്ച് ഡിവൈഎഫ്‌ഐ രാമനാട്ടുകര അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്എഫ്‌ഐ ജില്ലാസെക്രട്ടറി നിഖില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ ഷഫീഖ്, ബ്ലോക് ട്രഷറര്‍ പി ആര്‍ സുമന്‍ സംസാരിച്ചു. രാവിലത്തെ  സംഭവത്തിനു ശേഷം ഭവന്‍സ് ഡയറക്ടര്‍ ഇ കെ പരമേശ്വരനെ ഫോണില്‍ വിളിച്ച് ഭീഷണി പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഇതിനെതിരേയും ഭവന്‍സില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ കാണിച്ചും അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it