Flash News

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ഇടുക്കി മറയൂര്‍ വട്ടവട സ്വദേശി അഭിമന്യു (20) ആണ് കൊല്ലപ്പെട്ടത്. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുനെ(20) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീത് എന്ന മറ്റൊരു വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ മുറിവേറ്റ അര്‍ജുന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഞായറാഴ്ച അര്‍ധരാത്രി 12ന് ശേഷമാണ് സംഭവം. ഇന്നലെ കോളജില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളജിന്റെ പിന്‍ഭാഗത്തുള്ള മതിലില്‍ കാംപസ് ഫ്രണ്ടില്‍ അംഗമാവുക എന്നെഴുതിയിരുന്നു. ഇത് വെട്ടി അതിനു മുകളില്‍ വര്‍ഗീയത എന്ന് ചുവന്ന പെയിന്റ്‌കൊണ്ടെഴുതി. ഇത് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിനും അര്‍ജുനും കുത്തേറ്റത്.
മതിലിനു പുറത്തുള്ള റോഡില്‍ ഇരുട്ടിലായിരുന്നു സംഘര്‍ഷമുണ്ടായത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അഭിമന്യുവിനെയും അര്‍ജുനെയും ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിമന്യുവിനെ രക്ഷിക്കാനായില്ല. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അര്‍ജുനെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 9.30ഓടെ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പത്തരയോടെ മൃതദേഹം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. മന്ത്രിമാരായ തോമസ് ഐസക്, എം എം മണി, എംഎല്‍എമാരായ എസ് ശര്‍മ, ഹൈബി ഈഡന്‍, പി ടി തോമസ്, കെ ജെ മാക്‌സി, എം സ്വരാജ്, അധ്യാപകര്‍, സഹപാഠികള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് 12.30ഓടെ മൃതദേഹം സ്വദേശമായ വട്ടവടയിലേക്കു കൊണ്ടുപോയി. വൈകീട്ടോടെ വട്ടവട പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സംസ്‌കാരച്ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എം സ്വരാജ് എംഎല്‍എ, അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി തുടങ്ങിയവര്‍ പങ്കെടുത്തു.
സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ക്കായി പോലിസ് കൊച്ചിയിലും അയല്‍ജില്ലകളിലും തിരച്ചില്‍ ശക്തമാക്കി. എട്ടു ബൈക്കുകള്‍ പിടിച്ചെടുത്തു. മഹാരാജാസില്‍ എസ്എഫ്‌ഐയും മറ്റു വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവാറുണ്ട്. മറ്റു സംഘടനകളെ എസ്എഫ്‌ഐ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it