kannur local

എസ്എഫ്‌ഐ ആക്രമണത്തില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനു പരിക്ക്

എസ്എഫ്‌ഐ ആക്രമണത്തില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനു പരിക്ക്
X


കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മെംബര്‍ഷിപ് വിതരണത്തെച്ചൊല്ലി എസ്എഫ്‌ഐ ആക്രമണം. പ്രകടനവുമായെത്തിയ ഒരുസംഘം എസ്എഫ്എ പ്രവര്‍ത്തകര്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ കക്കാട് സ്വദേശി ദില്‍ഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിയാസിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കണ്ണൂര്‍സിറ്റി ഗവ. എച്ച്എസ്എസ് കേന്ദ്രീകരിച്ച് വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നില്ല. അധ്യാപകരും പിടിഎ കമ്മിറ്റിയും ചേര്‍ന്നെടുത്ത തീരുമാന പ്രകാരണമാണിത്. എന്നാല്‍, ഏതാനും ദിവസങ്ങളായി മെംബര്‍ഷിപ് വിതരണം സംബന്ധിച്ച് എസ്എഫ്എ പ്രവര്‍ത്തകര്‍ ഹെഡ്മാസ്റ്ററെയും പ്രിന്‍സിപ്പലിനെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രകടനവുമായി സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഭീഷണി മുഴക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. ആയുധങ്ങളുമായി ദില്‍ഷാദിനെ ആക്രമിച്ച സംഘം, നാട്ടുകാരെയും മര്‍ദിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് നിലയുറപ്പിച്ചിരുന്നു. ഇവര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. എസ്എഫ്‌ഐ നേതാക്കളായ കെ റിജേഷ്, എ പി അന്‍വീര്‍, അതുല്‍ തയ്യില്‍, റംസി സിറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരിക്കേറ്റ ദില്‍ഷാദ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിറ്റിയില്‍ പ്രകടനം നടത്തി. ബി ഷംസുദ്ദീന്‍ മൗലവി, സി എച്ച് ഫാറൂഖ്, പി കെ മുഹമ്മദ് ഇഖ്ബാല്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന നിസ്സാര പ്രശ്‌നത്തെ പര്‍വതീകരിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎം നീക്കണമെന്ന് എസ്ഡിപിഐ ആരോപിച്ചു. അതേസമയം, എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് ജില്ലയില്‍ ഇന്ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it