Flash News

എസ്എഫ്‌ഐയുടെ പ്രഥമ കാംപസ് കൊലപാതകം: ദുര്‍ഗാദാസിന്റെ കൊലപാതകത്തിന് 37 വര്‍ഷം

സുധീര്‍  കെ  ചന്ദനത്തോപ്പ്
കൊല്ലം: നിലമേല്‍ എന്‍എസ്എസ് കോളജ് കാംപസില്‍ എബിവിപി സംഘാടകനായ മലപ്പുറം നിലമ്പൂര്‍ സ്വദേശി എം ദുര്‍ഗാദാസ് എന്ന യുവാവ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച് ഇന്നേക്ക് 37 വര്‍ഷം തികയുന്നു. എസ്എഫ്‌ഐ കുത്തകയാക്കിവച്ച കോളജില്‍ എബിവിപി ഘടകം പ്രവര്‍ത്തനമാരംഭിച്ചത് സംബന്ധിച്ച സംഘര്‍ഷമാണ് ദുര്‍ഗാദാസിന്റെ കൊലയിലേക്ക് നയിച്ചത്. കാംപസ് ഫ്രണ്ട്-എസ്എഫ്‌ഐ പ്രവര്‍ത്തക ര്‍ തമ്മിലുള്ള സംഘര്‍ഷമാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ വധത്തിലേക്കു നയിച്ചത്. കാംപസിന്റെ പുറത്തുണ്ടായ ഈ നിര്‍ഭാഗ്യകരമായ സംഭവം കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനിടയിലെ ആദ്യത്തേതായി ചിത്രീകരിക്കുന്നവര്‍ ദുര്‍ഗാദാസിനെ സൗകര്യപൂര്‍വം മറക്കാനും മറയ്ക്കാനും ശ്രമിക്കുന്ന സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ 37 വര്‍ഷം പിന്നിടുന്നത്. അഭിമന്യുവിന്റെ മരണത്തിന്റെ പേരില്‍ കാംപസ് കൊലപാതകത്തിനെതിരേ കാംപയിന്‍ നടത്തുന്ന എസ്എഫ്‌ഐ തങ്ങ ള്‍ കാംപസില്‍ തുടക്കമിട്ട കൊലപാതകം പൂര്‍ണമായി വിസ്മരിക്കുന്നു.
1981 ജൂലൈ 20 നാണ് നിലമേ ല്‍ എന്‍എസ്എസ് കോളജില്‍ ദുര്‍ഗാദാസിനെ കുത്തിക്കൊന്നത്. 1970-80 കാലഘട്ടത്തില്‍ ഇന്നത്തെ മഹാരാജാസ് കോളജ് പോലെ എസ്എഫ്‌ഐയുടെ ആധിപത്യത്തിലായിരുന്നു കൊല്ലം ജില്ലയിലെ നിലമേല്‍ എന്‍എസ്എസ് കോളജ്. മറ്റൊരു വിദ്യാര്‍ഥി സംഘടനയ്ക്കും ഇവിടെ എസ്എഫ്‌ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ഈ സമയത്ത് കോളജില്‍ എബിവിപി യൂനിറ്റ് രൂപീകരിച്ചതാണ് ദുര്‍ഗാദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
ആര്‍എസ്എസിന്റെ ആദ്യകാല പ്രചാരകരിലൊരാളും ജനസംഘത്തിന്റെ പ്രഥമ സംസ്ഥാന അധ്യക്ഷനുമായിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി എന്‍ ഭരതന്റെ മകനായിരുന്നു ദുര്‍ഗാദാസ്. മമ്പാട് എംഇഎസ് കോളജില്‍ ഗണിതശാസ്ത്രത്തില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ജയി ല്‍വാസമനുഷ്ഠിച്ചിരുന്നു. എബിവിപി നേതാവായിരുന്ന ദുര്‍ഗാദാസ് പഠനം കഴിഞ്ഞ് മുഴുസമയ ആര്‍എസ്എസ് പ്രചാരകനായി തിരുവനന്തപുരം കിളിമാനൂരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
ഇതിനിടെ പലതവണ എസ്എഫ്‌ഐയും എബിവിപിയും നിലമേല്‍ കോളജില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഇത്തരമൊരു സംഘര്‍ഷത്തെ തുടര്‍ന്ന് ജൂലൈ 20ന് ദുര്‍ഗാദാസ് പ്രിന്‍സിപ്പലിനെ കണ്ട് പരാതി നല്‍കാനാണ് കോളജിലെത്തിയത്. അതിനിടെ വീണ്ടും എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ പ്രിന്‍സിപ്പലിനെ കണ്ട് പുറത്തിറങ്ങിയ ദുര്‍ഗാ ദാസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എറിഞ്ഞ് വീഴ്ത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. കൊലക്കേസില്‍ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്ത സിപിഎമ്മിന്റെ ഇടപെടല്‍ കാരണം പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. ഏറെപേരും സിപിഎമ്മിന്റെ വിവിധ തലങ്ങളില്‍ ഇന്നും സജീവമാണ്.
ഇതര വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്രം നിഷേധിക്കുന്ന തരത്തി ല്‍ കാലങ്ങളായി എസ്എഫ്‌ഐ പിന്തുടരുന്ന പ്രവര്‍ത്തനരീതിയാണ് മിക്ക കാംപസ് സംഘര്‍ഷങ്ങള്‍ക്കും കാരണമാവുന്നതെന്ന ആക്ഷേപം ശക്തമാണ്.
Next Story

RELATED STORIES

Share it